കൊല്ലം:കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ തൊഴില്‍ മേഖലകൾ പൂർണമായും തകർച്ചയെ നേരിടുകയാണ്. അപ്രതീക്ഷിത പ്രതിസന്ധിയെ തുടർന്ന് എട്ട് മാസമായി അടച്ചിട്ട സിനിമാ തിയേറ്ററുകൾ ഈമാസം 15 മുതല്‍ തുറക്കാമെന്ന് നിർദ്ദേശം വന്നെങ്കിലും പ്രതിസന്ധി ഇപ്പോഴും ശേഷിക്കുകയാണ്. നിലനില്‍പ്പിനായി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മലയാള സിനിമ മാറുമ്പോൾ സിനിമ വിതരണ, തിയേറ്റർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പട്ടിണിയിലാണ്. പോസ്റ്റർ ഒട്ടിക്കുന്നവർ മുതൽ തിയേറ്റർ മാനേജർ വരെ ഇതില്‍ ഉൾപ്പെടും. കഴിഞ്ഞ ദിവസം കൊല്ലത്ത് തിയേറ്ററിലെ താത്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ഇതിന്‍റെ തുടർച്ചയാണ്.
ഓർമയാകുമോ ആ തിയേറ്റർ കാലം: പട്ടിണി ജീവിതവുമായി തൊഴിലാളികൾ - ഓർമയാകുമോ ആ തിയേറ്റർ കാലം: പട്ടിണി ജീവിതവുമായി തൊഴിലാളികൾ
എട്ടുമാസമായി തൊഴിൽ ഇല്ലാതെ കഴിയുന്ന തിയേറ്റർ തൊഴിലാളികൾക്ക് കൊവിഡ് കാലം സമ്മാനിച്ചത് പട്ടിണിയും ദുരിതങ്ങളും മാത്രമാണ്.
പല തിയേറ്ററുകളുടെയും ലൈസൻസ് കാലാവധി കഴിഞ്ഞു. പ്രവർത്തന അനുമതിക്കായി വിവിധ വകുപ്പുകളിൽ നിന്ന് ലൈസൻസ് പുതുക്കാൻ ഭാരിച്ച ചെലവാണ്. ഇനി പ്രവർത്തനം തുടങ്ങിയാൽ തന്നെ സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയും തുറക്കാൻ സമയം എടുക്കും. കുറച്ച് ആളുകളെ ഉൾപ്പെടുത്തിയുള്ള പ്രദർശനം നഷ്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. തിയേറ്റർ മേഖലയെ മടക്കി കൊണ്ടുവരാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രോൽസാഹനവും സഹായങ്ങളും അനിവാര്യമാണെന്ന് ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. എട്ടുമാസമായി തൊഴിൽ ഇല്ലാതെ കഴിയുന്ന ഇവർക്ക് കൊവിഡ് കാലം സമ്മാനിച്ചത് പട്ടിണിയും ദുരിതങ്ങളും മാത്രമാണ്.