കൊല്ലം:അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നപൊതുമേഖല സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൊല്ലം ഏരൂരില്‍ സ്ഥിതിചെയ്യുന്ന ഫാക്‌ടറിയുടെ അറ്റകുറ്റ പണികളും, നവീകരണ പ്രവർത്തനങ്ങളും അടിയന്തരമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ALSO READ:കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിര്‍മിച്ചത് കോര്‍പ്പറേഷന്‍റെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്
ഡിസംബർ മാസം പുതിയ ഫാക്‌ടറി കമ്മിഷൻ ചെയ്യാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാൻ കഴിയുന്ന അത്യുൽപാദന ശേഷിയുള്ള നഴ്‌സറി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഓയിൽ പാം ഫാക്‌ടറിയിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ക്ക് കൃഷിമന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തില്‍ പി.എസ് സുപാൽ എം.എൽ.എ, വിവിധ ട്രേഡ് യൂണിയൻ നേതാക്കള്‍ എന്നിവരുമായി സെപ്‌റ്റംബര്‍ 13 ന് ചര്‍ച്ച നടന്നിരുന്നു.
ഫാക്‌ടറിയിൽ വൈവിധ്യവത്ക്കരണത്തിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ എം.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനം കേന്ദ്ര സർക്കാരുമായും ചർച്ച ചെയ്‌തിരുന്നു.