കൊല്ലം: പുനലൂരില്‍ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മനോദൗർബല്യം ഉള്ള അമ്മമാരുടെ പുനരധിവാസ കേന്ദ്രമായ പുനലൂരിലെ വിളക്കുടി സ്നേഹതീരത്തിന് സമീപമുള്ള വീട്ടിന്‍റെ സിറ്റൗട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
പുനലൂരില്‍ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി രാത്രി 12 മണിയോടെ കരച്ചില്‍ കേട്ട് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ സമീപത്തുള്ള സ്നേഹ തീരത്തിന്‍റെ ഡയറക്ടർ സിസ്റ്റർ റോസലിനും പൊതു പ്രവർത്തകരും എത്തി കുഞ്ഞിന് അടിയന്തര പരിചരണം നല്‍കി. കുന്നിക്കോട് പൊലീസിന്‍റെ നേതൃത്വത്തില്‍ ഉടൻ തന്നെ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വിദഗ്‌ധ പരിശോധന നടത്തി.
കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ശിശുരോഗ വിദഗ്‌ധർ അറിയിച്ചു. ഏകദേശം അഞ്ച് ദിവസം മാത്രമാണ് കുഞ്ഞിന്‍റെ പ്രായമെന്നും അധികൃതർ അറിയിച്ചു. പൊക്കിൾക്കൊടി മുറിച്ച ശേഷം ആശുപത്രിയിൽ ചെയ്യാറുള്ളത് പോലെ ബാൻഡ് പൊക്കിൾക്കൊടിയിൽ പിടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ ജനിച്ചകുഞ്ഞിനെ വീട്ടിൽ എത്തിക്കാതെ ഉപേക്ഷിച്ച ശേഷം മാതാവ് കടന്നതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്നേഹതീരത്തിലേക്ക് വരാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ക്യാമറ പൊലീസ് പരിശോധിക്കും. പുനലൂർ, പത്തനാപുരം, കുന്നിക്കോട് മേഖലകളിലെ ആശുപത്രികളിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന ജനനങ്ങളുടെ കണക്കും എടുക്കും. വീടുകളിലെത്തി കുട്ടികൾ അമ്മമാർക്കൊപ്പം ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.