കൊല്ലം:കാഴ്‌ചയുടെ പൊൻവസന്തം സമ്മാനിച്ച് തമിഴ്‌നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ. കണ്ണെത്താ ദൂരം നിറയുന്ന മഞ്ഞവസന്തം കാണാനും ദൃശ്യങ്ങൾ ക്യാമറയിലെക്ക് പകർത്താനും സഞ്ചാരികളും ഇവിടേക്ക് ഒവുകിയെത്തുകയാണ്. കേരളത്തിലെ ഓണക്കാലം ലക്ഷ്യമിട്ട് സൂര്യകാന്തി വിളവെടുപ്പ് തുടങ്ങിയതിനാൽ രണ്ടാഴ്‌ച കഴിയുമ്പോഴേക്കും കാഴ്‌ചയുടെ ഈ വസന്തം മറഞ്ഞേക്കാം.
തെങ്കാശി പട്ടണത്തിനു ചുറ്റും സൂര്യകാന്തിപ്പാടങ്ങൾ പൂത്തുലഞ്ഞുനിൽക്കുകയാണ്. ചെങ്കോട്ടയിൽ നിന്ന് 9 കിലോമീറ്ററാണ് തെങ്കാശിയിലേക്കുള്ളത്. ഇവിടെനിന്ന് ശങ്കരൻ കോവിലിലേക്കോ സാംബവർ വടകരയിലേക്കോ പോയാൽ നിറയെ സൂര്യകാന്തിപ്പാടങ്ങളാണ്. സുന്ദരപാണ്ഡ്യപുരമാണ് സൂര്യകാന്തി കൃഷിയുടെ നേരവകാശി.
തെങ്കാശി ബസ് ഡിപ്പോയുടെ സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ചാൽ പേരുപോലെ സുന്ദരമായ സുന്ദരപാണ്ഡ്യപുരത്ത് എത്താം. 9 കിലോമീറ്റർ പിന്നിടുമ്പോൾ മഞ്ഞയണിഞ്ഞ പാടങ്ങൾ തുടങ്ങുകയായി. ഇവിടെ നിന്ന് 3 കിലോമീറ്റർ ദൂരം ഇരുവശവും സൂര്യകാന്തിപ്പാടങ്ങളാണ്.