കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്തൊട്ടാകെ ഇന്ന് 35 പേർക്ക് പൊള്ളലേറ്റപ്പോൾ എറണാകുളത്ത് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. 23 ഓളം പേർക്ക് ചൂടേറ്റ് ശരീരത്ത് ചുവുപ്പ് നിറം രൂപപ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും ഏഴ് പേർക്ക്, കോട്ടയത്തും പാലക്കാടും കോഴിക്കോടും നാല് പേർക്ക്, കണ്ണൂർ , മലപ്പുറം, കൊല്ലം രണ്ട് പേർക്ക്, തൃശ്ശൂരും കാസർകോടും ഓരോരുത്തർക്കും വീതമാണ് പൊള്ളലേറ്റത്.
കനത്ത ചൂടിൽ വലഞ്ഞ് കേരളം - kollam
ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇതേ തുടർന്നാണ് രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ പുറംജോലികൾക്കടക്കം ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് കർശനനിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തിന്‍റെ കിഴക്കൻ ജില്ലായായ കൊല്ലത്താണ് കൂടുതൽ പേർക്ക് സൂര്യതാപമേറ്റത്. കൊല്ലം പെരുമണ്ണിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ കണ്ടച്ചിറ സ്വദേശിനി സീബത്ത്, കൊല്ലം ജില്ലാ വെക്റ്റർ കണ്ട്രോൾ യൂണിറ്റിലെ ജീവനക്കാരനും അഞ്ചൽ സ്വദേശിയുമായ ശ്രീദർഷ് എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. കെ എസ് ഇ ബി ജീവനക്കാരനായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം ചരുവിള പുത്തൻവീട്ടിൽ കെ ലിജിനും പൊള്ളലേറ്റു. കൂടാതെ പുനലൂർ സ്വദേശികളായ രണ്ട് പേർക്കും സൂര്യതാപമേറ്റു. ഇരുവരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പ്രാക്കുളം സ്വദേശിയായ മറ്റൊരാൾക്കും സൂര്യാതാപമേറ്റതായിറിപ്പോർട്ട് ചെയ്തിട്ടുണ്ട്.
37 നും 40നും ഇടയിലാണ് ജില്ലയിലെ ചൂട്. ആയതിനാൽ രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ പുറംജോലികൾക്കടക്കം ആരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ശരീരക്ഷീണം, കുഴഞ്ഞ് വീഴുക, വിയർക്കാതിരിക്കുക, പുറത്ത് പൊള്ളലേറ്റ പോലെ കുമിളകൾ രൂപപ്പെടുക, ശരീരത്ത് ചുവപ്പ് നിറവും വേദനയും,ഛർദ്ദി, വരണ്ട ചർമ്മം, കൃഷ്ണമണിയുടെ വികാസം എന്നിവയാണ് സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ.