പഠനത്തിൽ മോശമായവർ കളിക്കളത്തിൽ തിളങ്ങിയ ചരിത്രം ഒത്തിരിയുണ്ട്. എന്നാൽ അതിനെല്ലാം അപ്പുറമാണ് പ്രിയങ്കസിംഗും സുനിൽ ബിസ്തയും. കൊല്ലം ജില്ലയിലെ കോയിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇവർ ചില്ലറക്കാരല്ല. നേപ്പാൾ സ്വദേശിയായ സുനിൽ ബിസ്ത ഹോക്കിയിൽ ദേശീയ തലം വരെ എത്തിയ മിടുക്കനാണ്. ഉത്തരാഖണ്ഡ്കാരി പ്രിയങ്കയാകട്ടെ ഇക്കഴിഞ്ഞ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഹോക്കിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അന്യദേശത്ത് നിന്ന് എത്തി തിളക്കമാർന്ന വിജയം നേടിയ ഇവർ ഇന്ന് കൊല്ലം ജില്ലാ സ്പോർട്സ് അക്കാദമിയുടെ വിഐപി താരങ്ങളാണ്.
കളിച്ചു നടന്നിട്ടും കിട്ടി ഫുൾ എ പ്ലസ്!
കേരളത്തിന് അഭിമാനമായി ഉത്തരാഖണ്ഡ്കാരി പ്രിയങ്കാ സിംഗും നേപ്പാൾ സ്വദേശി സുനിൽ ബിസ്തയും.
നേപ്പാളിലെ കഞ്ചൻപൂർ ജില്ലയിൽ നിന്ന് അഞ്ച് വർഷം മുമ്പാണ് സുനിൽ കൊല്ലത്ത് എത്തിയത്. അച്ഛൻ നേരത്തെ തന്നെ ഇവിടെ ഗൂർക്കാ ജോലി നോക്കിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളം പഠിച്ചെടുത്ത സുനിൽ ഒന്നും രണ്ടും പേപ്പറുകൾ മലയാളം തന്നെ തിരഞ്ഞെടുത്താണ് എപ്ലസ് നേട്ടം സ്വന്തമാക്കിയത്. പഠനം പോലെ തന്നെ പ്രിയപ്പെട്ടതാണ് സുനിലിന് ഹോക്കി. രാജ്യത്തിനു വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പുകൾ അവൻ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
ഉത്തരാഖണ്ഡിൽ നിന്ന് 11 വർഷം മുമ്പാണ് പ്രിയങ്കയും കുടുംബവും കേരളത്തിലെത്തുന്നത്. അച്ഛൻ ആലുവയിലെ ഒരു ബേക്കറിയിൽ തൊഴിലാളിയായി ജോലി നോക്കുന്നു. പ്രിയങ്ക ഉൾപ്പെടെ മൂന്ന് പെണ്മക്കളാണ്. കുട്ടികളുടെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ആണ് തീരുമാനം.