കൊല്ലം:മുതിര്‍ന്ന പൗരൻമാർ, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്‍റൈനിൽ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൊല്ലം മണ്ഡലത്തിലെ കച്ചേരി, കൊട്ടാരക്കരയിലെ വാളകം, ഇരവിപുരത്തെ ചിന്നക്കട, ചാത്തന്നൂരിലെ ചിറക്കര എന്നീ മേഖലകളിലാണ് വോട്ടിങ് നടന്നത്. വോട്ടറെ മുന്‍കൂട്ടി അറിയിച്ച ശേഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തും.
കൊല്ലത്ത് സ്‌പെഷ്യല്‍ പോസ്റ്റൽ വോട്ട് ശേഖരണത്തിന് തുടക്കം - സ്‌പെഷ്യല്‍ പോസ്റ്റൽ വോട്ട് വാർത്ത
ഏപ്രില്‍ രണ്ട് വരെ സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിനായി അപേക്ഷിച്ചവരുടെ വീടുകളില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തുക
സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്‍റ്, മൈക്രോ ഒബ്‌സര്‍വര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. വോട്ടര്‍ പട്ടികയിലെ വിവരങ്ങളും തിരിച്ചറിയല്‍ രേഖയും പരിശോധിച്ച ശേഷം സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വോട്ടര്‍ക്ക് നല്‍കി അപ്പോള്‍ തന്നെ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി തിരികെ നല്‍കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. ടീമിന്‍റെ സന്ദര്‍ശന വേളയില്‍ വോട്ടര്‍ സ്ഥലത്തില്ലെങ്കില്‍ ഒരവസരം കൂടി നല്‍കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൊവിഡ് ബാധിതരായവര്‍ക്കും ഉപയോഗത്തിനായി പേന, പശ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യമെങ്കില്‍ നല്‍കിയ ശേഷമാണ് ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്നതും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതും. ഇവരുടെ വീടുകളിലേക്ക് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോകുന്നത്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ പ്രത്യേകം സജ്ജീകരിച്ച ബോക്‌സുകളില്‍ ശേഖരിച്ച് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാരുടെ കാര്യാലയത്തില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിച്ച് എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. ഏപ്രില്‍ രണ്ട് വരെ സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിനായി അപേക്ഷിച്ചവരുടെ വീടുകളില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തുക.