കൊല്ലം:അവധിയില്ല, ആവശ്യക്കാര്‍ക്ക് വ്യാജന്‍ മാത്രം, ഒടുവില്‍ ശൂരനാട് വടക്ക് വില്ലേജിലെ 'സുന്ദരി ബാർ' പൂട്ടിച്ച് എക്സൈസ്. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയിൽ ജനാർദ്ധനന്‍റെ ഭാര്യ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ധനനേയും മക്കളേയുമാണ് എക്സൈസ് സംഘം പിടികൂടിയത്. വീട്ടില്‍ തന്നെയായിരുന്നു സിന്ധു "സുന്ദരി ബാര്‍" എന്ന പേരില്‍ സമാന്തര ബാര്‍ നടത്തിയിരുന്നത്. കേസില്‍ മകള്‍ അമ്മു, മകൻ അപ്പു ഉള്‍പ്പെടെ മൂന്ന് പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഓണം സെപെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് വടക്ക് വില്ലേജിൽ എക്സൈസ് പരിശോധന നടത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം പത്ത് ലിറ്റർ ചാരായവും പിടികൂടി. വീട്ടിലെത്തിയ വനിത ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തതിലും കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതി സിന്ധുവിന്‍റെ മകൾ അമ്മുവിന്‍റെ രാഷ്ട്രീയ പിൻബലത്തിലായിരുന്നു മദ്യക്കച്ചവടം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.