കൊല്ലം: ചവറ തെക്കുംഭാഗം ഞാറമ്മൂട്ടിൽ അമ്മയെ കൊലപ്പെടുത്തിയ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പുലർച്ചെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകി (75)യുടെ മരണമാണ് കൊലപാതാകമാണെന്ന് വിദഗ്ദാന്വേഷണത്തിൽ തെളിഞ്ഞത്.
സ്വത്തിനുവേണ്ടി അമ്മയെ കൊന്ന മകനും മരുമകളും അറസ്റ്റില്‍ - ചവറ കൊലപാതകം
കൊല്ലം ചവറയിലാണ് സംഭവം.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ് മോർട്ടത്തിലാണ് കഴുത്തിൽ ബലം പ്രയോഗിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനായ രാജേഷും മരുമകൾ ശാന്തിനിയും പൊലീസ് പിടിയിലായത്. അമ്മയുമായി സ്വത്ത് തർക്കത്തിലായിരുന്ന മകൻ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും ശാസ്ത്രീയമായ അന്വേഷണങ്ങളും തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.