കൊല്ലം: കൊല്ലത്ത് എസ്എൻ ട്രസ്റ്റിന്‍റെ ഭൂമി നിയമവിരുദ്ധമായി സർക്കാർ വകുപ്പ് കൈയേറാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എസ്.എൻ.ഡി.പി യൂണിയനും ശ്രീനാരായണ സംഘടനകളും രംഗത്ത്. കൊല്ലം പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനെന്ന പേരിൽ എസ്.എൻ ട്രസ്റ്റിന്‍റെ ഭൂമി സർക്കാർ വകുപ്പ് കൈയേറാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ പരിശോധിക്കാതെ ഭൂമി കൈവശപ്പെടുത്താൻ സ്പോർട്‌സ് ഡയറക്‌ടറേറ്റ് ശ്രമിക്കുന്നു എന്ന ആരോപണം സംഘടനകൾക്കുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.
ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ ആരോപണവുമായി എസ്‌എന്‍ഡിപി - kerala
കൊല്ലം പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനെന്ന പേരിൽ എസ്.എൻ ട്രസ്റ്റിന്‍റെ ഭൂമി സർക്കാർ വകുപ്പ് കയ്യേറാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം
വർഷങ്ങൾക്ക് മുൻപാണ് ഇവിടെ 27 ഏക്കർ ഭൂമി എസ്.എൻ ട്രസ്റ്റിന് സർക്കാർ പാട്ടത്തിന് നൽകിയത്. ഭൂമി കൃത്യമായി അളന്ന് തിരിക്കാതെയാണ് പീരങ്കി മൈതാനത്തെയും എസ്.എൻ ട്രസ്റ്റിന് പാട്ടത്തിന് നൽകിയ ഭൂമിയെയും വേർതിരിച്ച് ഇപ്പോഴുള്ള മതിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചത്. ട്രസ്റ്റിന് പാട്ടത്തിന് നൽകിയ ഭൂമിയിൽ .53 ഹെക്ടർ മതിൽക്കെട്ടിന് പുറത്താണ്. ഈ ഭൂമി കണക്കാക്കാതെയാണ് ആറുവർഷം മുൻപ് ട്രസ്റ്റിന് 26 ഏക്കർ സ്ഥലം സർക്കാർ പതിച്ചുനൽകിയത്. എന്നാൽ റീ സർവേ രേഖകളിൽ ഇപ്പോഴും മതിൽക്കെട്ടിന് പുറത്ത് കിടക്കുന്ന .53 ഹെക്ടർ ഭൂമി എസ്.എൻ ട്രസ്റ്റിന് പാട്ടത്തിന് നൽകിയിരിക്കുന്ന കൂട്ടത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. പട്ടയം അനുവദിക്കുമ്പോൾ ഈ .53 ഹെക്ടർ കൂടി പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ ട്രസ്റ്റ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം നടക്കുന്നതെന്നാണ് ശ്രീ നാരായണ സംഘടനകൾ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് മൂവ്മെന്‍റ് പ്രവർത്തകർ ഭൂമിയിൽ പതാക നാട്ടി.
യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് രവീന്ദ്രൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണീയരുടെ ഒരിഞ്ച് ഭൂമി പോലും കൈയേറാൻ അനുവദിക്കില്ലെന്നും വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.