കൊല്ലം : സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് തർക്കങ്ങളില്‍ ഇടക്കാല ആശ്വാസം. ലോക്ക് ഡൗൺ കഴിയും വരെ ടോൾപിരിവ് പാടില്ലെന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനം അറിഞ്ഞശേഷം നടപടിയെടുത്താല്‍ മതിയെന്നും ദേശീയപാത വിഭാഗത്തെ ജില്ല ഭരണകൂടം അറിയിച്ചു.
Also Read:സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ജില്ല ഡവലപ്മെന്‍റ് ഓഫിസർ ആസിഫ് കെ. യൂസഫിൻ്റെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ലോക്ക് ഡൗൺ കഴിയുംവരെ ടോൾപിരിവ് വേണ്ടെന്ന തീരുമാനത്തിലെത്തിയത്. അപ്രോച്ച് റോഡ് പോലും സ്ഥാപിക്കാതെ ടോൾ പിരിയ്ക്കാൻ പാടില്ലെന്ന നിർദേശം വിവിധ രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ മുന്നോട്ടുവച്ചു. സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണന്നായിരുന്നു ദേശീയപാത വിഭാഗത്തിന്‍റെ മറുപടി. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനം കൂടി വന്നശേഷം ടോൾപിരിവ് ആരംഭിച്ചാൽ മതിയെന്ന് ഡിഡിഒ ടോൾ കരാറുകാരെ അറിയിച്ചു.
കൊല്ലം ബൈപ്പാസ് ടോൾ വിഷയം Also Read:ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
തദ്ദേശീയരായ ആളുകളുടെ യാത്ര സൗകര്യത്തിനായി പാസ് നൽകുന്ന നടപടികൾ ലോക്ക് ഡൗൺ കാലയളവിൽ പൂർത്തീകരിക്കുവാനും ടോൾ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നോർക്ക റൂട്ട്സ് ചെയർമാൻ വരദരാജൻ, ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എസ്.ആർ. അരുൺ ബാബു, അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ, ആർടിഒ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.