കൊല്ലം: യഥാസമയം പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. ഉദ്യോഗസ്ഥന്‍റെ ന്യായീകരണ തൊഴിലാളിയായി മന്ത്രി എംബി രാജേഷ് അധഃപതിച്ചെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചവറയിലെ നിഷ ബാലകൃഷ്‌ണന് ജോലി ലഭിക്കാത്ത വിഷയത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
'ഉദ്യോഗസ്ഥന്‍റെ ന്യായീകരണ തൊഴിലാളിയായി മന്ത്രി എംബി രാജേഷ് അധഃപതിച്ചു': വിമർശനവുമായി ഷാഫി പറമ്പിൽ
ചവറയിലെ നിഷ ബാലകൃഷ്‌ണന് ജോലി ലഭിക്കാത്ത വിഷയത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധം ഷാഫി പറമ്പിൽ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
ചവറയിലെ നിഷ ബാലകൃഷ്‌ണന് സർക്കാർ ജോലി നഷ്‌ടമായതിന് കാരണക്കാരനായ നഗരകാര്യ വകുപ്പ് ഡയറക്‌ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥന് വീഴ്‌ചയുണ്ടായിട്ടും മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങൾക്ക് ലോകകപ്പ് ഉണ്ടായിരുന്നുവെങ്കിൽ അതിലെ ജേതാവ് പിണറായി വിജയന്‍റെ സർക്കാരാകുമായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കൊല്ലത്ത് തുടങ്ങിയ പ്രതിഷേധം സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.