കൊല്ലം:മാസങ്ങളായി പ്രവേശന വിലക്കേര്‍പ്പെടുത്തിയ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്ത് നാളെ തുറക്കും. അഷ്‌ടമുടി കായലിലെ കൊച്ചു തുരുത്താണ് സാമ്പ്രാണിക്കോടി. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങ് എം.മുകേഷ് എംഎല്‍എ ഉദ്‌ഘാടനം ചെയ്യും.
സാമ്പ്രാണിക്കോടി തുരുത്ത് നാളെ തുറക്കും; പ്രവേശനം കര്‍ശന ഉപാധികളോടെ മാത്രം - സാമ്പ്രാണിക്കോടി നാളെ തുറക്കും
വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അടച്ചിട്ട കൊല്ലം അഞ്ചാലുംമൂടിലെ സാമ്പ്രാണിക്കോടി തുരുത്ത് നാളെ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും.
മാസങ്ങള്‍ക്ക് മുമ്പ് വളളം മറിഞ്ഞ് പ്രദേശവാസിയായ സ്‌ത്രീ മരിച്ച സംഭവത്തെ തുടര്‍ന്നാണ് തുരുത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. നാളെ മുതല്‍ കര്‍ശന ഉപാധികളോടെയാണ് തുരുത്തിലേക്ക് പ്രവേശനം അനുവദിക്കുക. മുമ്പത്തേക്കാള്‍ സുരക്ഷ മുന്‍കരുതല്‍ ഉള്‍പ്പെടുത്തിയാണ് തുരുത്ത് വീണ്ടും തുറന്നിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷയ്ക്കായി കൂടുതൽ സജ്ജീകരണങ്ങൾ സാമ്പ്രാണി തുരുത്തിൽ ക്രമീകരിക്കും. ക്രിസ്‌മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്താൻ സാധ്യതയുള്ളതിനാൽ ഡിടിപിസിയുടെ (District tourism promotion council) നേരിട്ടുള്ള മേല്‍ നോട്ടത്തിലാവും പ്രവർത്തനം.
തുരുത്തിലെ വിനോദസഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന നിരവധിപ്പേരുടെ ആവശ്യം പരിഗണിച്ച് എം മുകേഷ് എംഎൽഎ മുൻകൈയെടുത്താണ് തുരുത്ത് വീണ്ടും തുറക്കുന്നത്. ഡിടിപിസി തൃക്കരുവ ഗ്രാമപഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തുരത്തിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിക്കാൻ ധാരണയായത്. സാമ്പ്രാണിക്കോടിത്തുരുത്തിന് പുറമെ കൊല്ലത്തിന്‍റെ ഗ്രാമീണ ടൂറിസം വികസനത്തിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌ത് വരികയാണ് ഡിടിപിസി.