കരനെല്ലില്‍ ഭാഗ്യം പരീക്ഷിച്ച് റബര്‍ കര്‍ഷകന്‍
കൃഷിഭവന്‍റെ സഹായത്തോടെ ജ്യോതി ഇനമാണ് ഇഞ്ചക്കാട് സ്വദേശി രാജീവ് 40 സെന്‍റില്‍ പരീക്ഷിച്ചത്
കൊല്ലം: റബ്ബർ മരങ്ങൾ വെട്ടിമാറ്റി കരനെൽക്കൃഷിയിൽ വിജയം നേടാന്‍ ഒരുങ്ങുകയാണ് കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി രാജീവ്. ഒന്നരയേക്കറിലെ 40 സെന്‍റിലാണ് കൃഷി ഇറക്കിയത്. കൂട്ടുകൃഷി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ആദ്യമായാണ് കരനെൽ പരീക്ഷിക്കുന്നത്. പെരുങ്കുളം കൃഷിഭവന്‍റെ സഹായത്തോടെ ജ്യോതി ഇനമാണ് വിളയിച്ചത്. കൃഷിയിടത്തില്‍ കരനെൽ വ്യാപിപ്പിക്കാനാണ് ഈ കര്‍ഷകന്‍റെ ആഗ്രഹം. പാടത്തെ കൃഷിയേക്കാള്‍ കള കുറവായതിനാലാണ് രാജീവ് കരനെല്ലിലേക്ക് തിരിഞ്ഞത്. ജൂൺ എട്ടിനായിരുന്നു തുടക്കം. മൈലം കൃഷി ഓഫീസർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ഭൂമി കൃഷിക്ക് യോഗ്യമാക്കി വിത്തിറക്കി. സെപ്റ്റംബർ അവസാനത്തോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയിടത്തില്‍ ഫലവൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും 70 സെന്‍റില്‍ മൂന്നു തരം മരച്ചീനിയും ഇതിനകം പച്ചപിടിച്ചു കഴിഞ്ഞു. മത്സ്യകൃഷിയിലും കോഴിവളർത്തലിലും ഒരു കൈ നോക്കാനാണ് രാജീവന്‍റെ തീരുമാനം.