കൊല്ലം: ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയര്‍ന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി എഎ അസീസ് തന്നെ സെക്രട്ടറിയായി തുടരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ മുൻമന്ത്രി ഷിബു ബേബിജോൺ ഇത്തവണ സെക്രട്ടറിയായി എത്തണമെന്ന വികാരവും അണികൾക്കിടയിലുണ്ട്.
ആര്‍എസ്പി സംസ്ഥാന സമ്മേളനം ആരംഭിച്ചു നിയമസഭയിലടക്കം പ്രാതിനിധ്യമില്ലാത്തതും സംഘടനാപരമായ ദൗർബല്യങ്ങളും ചൂണ്ടിക്കാട്ടിയാണ് നേതൃമാറ്റത്തിനുള്ള ആവശ്യം ഉയരുന്നത്. ദേശീയ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലുമുള്ള കൃത്യമായ നിലപാടുകൾ പ്രഖ്യാപിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നതാണ് പ്രധാന വിമർശനം. പാര്‍ട്ടിയുടെ മുന്നണിമാറ്റമടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് എഎ അസീസ്.
മൂന്നുതവണ എംഎല്‍എയും സംസ്ഥാന സെക്രട്ടറിയുമായ അസീസ് പാർട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടിയാണ്. അത് കൊണ്ട് തന്നെ സംസ്ഥാന സെക്രട്ടറിയായി അസീസ് തുടരണമെന്ന നിലപാടാണ് ഭൂരിപക്ഷം നേതാക്കൾക്കുമുള്ളത്. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടുതല്‍ ശക്തമായി നയിക്കാന്‍ ഷിബു ബേബിജോണ്‍ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
ഷിബുവിന്‍റെ സംസ്ഥാന രാഷ്‌ട്രീയത്തിലെ ബന്ധങ്ങളും യുഡിഎഫിലെ സ്വാധീനവും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മത്സരത്തിന് അരങ്ങൊരുങ്ങിയാല്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നിലപാടാകും നിര്‍ണായകം. രണ്ടുപേരും പിന്മാറിയില്ലെങ്കില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി ബാബു ദിവാകരന്‍റെ പേര് നിർദേശിക്കപ്പെട്ടേക്കാം.
സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഷിബു ബേബിജോണിനെ നിശ്ചയിച്ചിരിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുകയെന്ന കീഴ്വഴക്കമാണ് തിരുത്തിയിരിക്കുന്നത്.