കൊല്ലം :ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഇന്ന് (ഒക്‌ടോബർ 16) ആരംഭിക്കുമ്പോള്‍ ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങളാല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. നിരവധി വെല്ലുവിളികളാണ് നേതൃത്വത്തെ കാത്തിരിക്കുന്നത്. സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.
ആർഎസ്‌പിയുടെ ആസ്ഥാന കേന്ദ്രമായ കൊല്ലത്തും ചവറയിലും പാര്‍ട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചതും നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായതും മുന്നണി മാറ്റത്തിന് ശേഷമാണെന്നാണ് പ്രവർത്തകരുടെ വികാരം. കൂടുതല്‍ യുവാക്കളെ നേതൃനിരയില്‍ കൊണ്ടുവരാന്‍ സീനിയര്‍ നേതാക്കള്‍ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയിലും കുന്നത്തൂരിലും സംഭവിച്ച ദയനീയ പരാജയങ്ങള്‍ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിലടക്കം കാര്യമായി ചര്‍ച്ച ചെയ്തില്ലെന്ന പരാതിയും നിലനില്ക്കുന്നു. ഇതെല്ലാം സമ്മേളനത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവയ്ക്കും. 14 ജില്ലകളില്‍ നിന്ന് 650 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Also Read: ആര്‍എസ്പി സംസ്ഥാന സമ്മേളനം ആരംഭിച്ചു
അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഷിബു ബേബിജോണ്‍ പക്ഷത്തെ വെട്ടിനിരത്താനാണെന്നാണ് സൂചന. നിലവില്‍ 81 അംഗ കമ്മിറ്റിയില്‍ പ്രതിനിധികളുടെ എണ്ണം 51 ആയി ചുരുക്കാനാണ് തീരുമാനം. സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ എഎ അസീസ്, പ്രേമചന്ദ്രനൊപ്പം ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടാനാണ് ഷിബു ബേബി ജോണ്‍ പക്ഷത്തിന്‍റെ തീരുമാനം.