കൊല്ലം:കൊല്ലം അഷ്ടമുടി കായലിലെ തുരുത്തിലും, തീരത്തും മൺട്രോതുരുത്തിന് സമാനമായ വെള്ളപൊക്ക ഭീഷണി. 170 ഓളം വീടുകളിൽ വെള്ളം കയറി ജീവിതം ദുരിത പൂർണമായി മാറി. കാലാവസ്ഥ വ്യതിയാനമായിരിക്കാം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈട്രോഗ്രാഫിക്ക് വിദഗ്ദ്ധർ പറയുന്നു.തുരുത്തുകള്‍ വെള്ളത്തിനടിയിലാകുന്നതിനെ കുറിച്ച് പ്രത്യേക പഠനം ആവശ്യമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം
കൊല്ലം കോർപറേഷനിലെ വടക്കുംഭാഗം, ശക്തികുളങ്ങര, സാമ്പ്രാണിക്കൊടി ,കാവനാട് എന്നിവിടങ്ങളിലെ തീരത്തും, തുരുത്തിലുമാണ് വേലിയേറ്റം മൂലം ദുരിതമേറെ. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രതിഭാസമെന്ന് തുരുത്തുകാർ പറയുന്നു. നിരവധി വീടുകൾ ഉള്ള അഷ്ടമുടി കായലിലെ പ്രധാന തുരുത്തുകളാണ് സെന്‍റ് ജോർജ്, സെന്‍റ് തോമസ്, സെന്‍റ് ജോസഫ് തുരുത്തുകൾ. ഈ മൂന്ന് തുരുത്തിലെ വീടുകളിലും വെള്ളം കയറി.