കേരളം

kerala

കേരള തീരത്ത് മത്സ്യബന്ധനത്തിന് യുഎസ് കമ്പനി ; മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല

By

Published : Feb 19, 2021, 12:27 PM IST

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂലിക്കാരും ആശ്രിതരുമാക്കി മാറ്റുന്ന കേരള തീരം മുഴുവൻ വിദേശ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കരാറിൽ ഒപ്പിട്ടിരിക്കുകയാണ് പിണറായി സർക്കാരെന്നും രമേശ് ചെന്നിത്തല കുററപ്പെടുത്തി.

ramesh chennithala  സർക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാർത്ത  ഇഎംസിസി കരാര്‍  EMCC contract  Kollam ramesh chennithala news  ramesh chennitha against contract
ഇഎംസിസി കരാര്‍; സർക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി. ഇന്‍റർ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്ക് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് - അസന്‍റ് 2020ല്‍ വച്ചാണ് ഇതിന്‍റെ ധാരണാപത്രം ഒപ്പിട്ടത്. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 2018ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 2019ല്‍ മത്സ്യനയത്തില്‍ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് സംശയത്തിനിട നൽകുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂലിക്കാരും ആശ്രിതരുമാക്കി മാറ്റുന്ന കേരള തീരം മുഴുവൻ വിദേശ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കരാറിൽ ഒപ്പിട്ടിരിക്കുകയാണ് പിണറായി സർക്കാരെന്നും രമേശ് ചെന്നിത്തല കുററപ്പെടുത്തി. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിർത്തിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് സി.പി.എം മലക്കം മറിഞ്ഞിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് ഇതിൽ നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന്‍റെ ഈ നിലപാടിലൂടെ സമുദ്രത്തതീരത്തെ മത്സ്യസമ്പത്ത് മുഴുവനായും കൊള്ളയടയിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിൽ ഒപ്പിടും മുമ്പ് ഭരണമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിച്ചിട്ടില്ല. പിണറായി സർക്കാരിന്‍റെ മറ്റു തട്ടിപ്പുകള്‍ പോലെ ഇതിലും താൽപര്യപത്രം ക്ഷണിക്കുകയോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ല. കരാര്‍ അനുസരിച്ച് 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍ വാങ്ങും. ഓരോന്നിനും വില രണ്ടു കോടി രൂപ.അഞ്ച് മദര്‍ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ. ഈ ട്രോളറുകള്‍ അടുക്കാന്‍ കേരളത്തിലെ ഹാര്‍ബറുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ ഇവിടുത്തെ ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയ ഹാര്‍ബറുകള്‍ ഉണ്ടാക്കുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ, മത്സ്യസമ്പത്ത് മൂന്നോ നാലോ വർഷം കൊണ്ട് നശിപ്പിക്കാനിടയാകുകയാണ് ഇതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം ആരോപിച്ചു.

ആരെ സഹായിക്കാനാണ് ഇത്തരമൊരു വികലമായ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വന്‍ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വരുമാനവും കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന വാഗ്‌ദാനം കാര്‍ഷിക നിയമങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാർ മുന്നോട്ട് വയ്ക്കുന്ന വാഗ്‌ദാനത്തിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ കടലിനെ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കാനുമിടായാക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details