കൊല്ലം:അധിനിവേശക്കാരിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ ത്യാഗഭരിതമായ ചരിത്രം വിദ്യാർഥികളിലേക്ക് ലളിതമായി സന്നിവേശിപ്പിക്കുന്ന ഹ്രസ്വ ചിത്രമായ 'രാജ്യസ്‌നേഹം' എന്ന ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദ്ഘാടനം ചെയ്‌തു. കൊല്ലം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ മാണിക്യനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. തൃക്കോവിൽവട്ടം ഗ്രാമത്തിലെ യുപി സ്‌കൂൾ വിദ്യാർഥികളായ നിരഞ്ജൻ, ദേവാനന്ദ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദേവാനന്ദിനെ വിളിക്കാനായി നിരഞ്ജൻ എത്തുമ്പോൾ ദേവാനന്ദ് വിമുഖനായി മാറി നിൽക്കുകയാണ്. ദേവാനന്ദിന്‍റെ താൽപര്യക്കുറവ് മനസിലാക്കിയ അച്ഛൻ സ്വാതന്ത്ര്യദിനത്തിന്‍റെ പ്രത്യേകത ഇരുവരോടും പറയുന്നു. ത്യാഗഭരിതമായ ചരിത്രം ഉൾക്കൊണ്ട ദേവാനന്ദ് ആവേശത്തോടെ സ്‌കൂളിലെ ആഘോഷത്തിൽ പങ്കെടുക്കാൻ നിരഞ്ജനൊപ്പം പോകുന്നു.