കൊല്ലം : ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. റെയിൽവേയിൽ എസി മെക്കാനിക്കായ രാജസ്ഥാൻ സ്വദേശി റാം പ്രസാദ് മീണക്കാണ് (29) പൊള്ളലേറ്റത്. ഇയാൾക്ക് 80 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് വിവരം. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.
കൊല്ലത്ത് ട്രെയിൻ കോച്ചിന് മുകളിൽ അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരന് ഷോക്കേറ്റു ; വീഡിയോ
റെയിൽവേയിൽ എസി മെക്കാനിക്കായ രാജസ്ഥാൻ സ്വദേശി റാം പ്രസാദ് മീണക്കാണ് പൊള്ളലേറ്റത്
രാവിലെ 7.15ന് കൊല്ലത്ത് എത്തിയ എഗ്‌മോർ– കൊല്ലം എക്‌സ്‌പ്രെസിലെ എ.സി പരിശോധിക്കുന്നതിനിടെയാണ് റാംപ്രസാദിന് ഷോക്കേറ്റത്. ഇതോടെ മീണ ട്രെയിനിന്‍റെ മുകളിലേക്കാണ് വീണത്. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ ജനറൽ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
ട്രെയിനിലെ എസിയിലെ തകരാർ ശ്രദ്ധയിൽപ്പെട്ട റാംപ്രസാദ് അത് നന്നാക്കാനായി മുകളിൽ കയറിയപ്പോൾ ലൈനിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് അധികൃതരുടെ നിഗമനം. അറ്റകുറ്റപ്പണിക്കായി ട്രെയിനിന് മുകളിൽ കയറുന്ന വിവരം സഹപ്രവർത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു. അപകടസ്ഥലത്തെ ഇലക്ട്രിക് വയറിൽ തൂങ്ങിയ നിലയിൽ ഹെഡ്ഫോണും,താഴെ മൊബൈൽ ഫോണിന്‍റെ ഭാഗങ്ങളും കണ്ടെടുത്തു.