കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലായം രൂപീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്ത ശേഷം തൊഴിലാളികളുമായി നേരിട്ട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യമറിയിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാൻ അവരോടൊപ്പമുള്ള യാത്ര സഹായിച്ചു. രാജ്യത്തെ കര്‍ഷകര്‍ പ്രശ്നങ്ങള്‍ നേരിടുന്നത് പോലെ തന്നെയാണ് മത്സ്യത്തൊഴിലാളികളും. കര്‍ഷകര്‍ ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കൃഷി ചെയ്യുന്നു. അവരുടെ അധ്വാനത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാജ്യാന്തര തലത്തില്‍ എണ്ണവില കുറയുമ്പോഴും രാജ്യത്ത് വില വര്‍ധിക്കുകയാണ്. ഇതിന്‍റെ ലാഭം കിട്ടുന്നത് ഒന്നോ രണ്ടോ കമ്പനികള്‍ക്കാണ്. ഇതുമൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇതിന്‍റെ ഇരകളില്‍ വലിയ പങ്ക് മത്സ്യത്തൊഴിലാളികളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് വാഗ്ദാനം മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യുഡിഎഫ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പ്രകടന പത്രികയിറക്കും. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് നേതാക്കളോട് നേരിട്ട് ആവശ്യപ്പെടണം. എല്ലാ പ്രശ്നങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. പ്രകടനപത്രികയില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കുന്നതായും രാഹുല്‍ മത്സ്യത്തൊഴിലാളികളോട് വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രോളിങ് നിയമം വേണ്ടി വന്നാല്‍ പരിഷ്കരിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.
കൊല്ലം വാടി കടപ്പുറത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം ചേര്‍ന്ന രാഹുല്‍ ഒരു മണിക്കൂറോളം അവരോടൊപ്പം കടലില്‍ യാത്ര ചെയ്തു. അതിനു ശേഷം കടപ്പുറത്ത് എത്തിയാണ് തൊഴിലാളികളുമായി നേരിട്ട് സംസാരിച്ചത്. യു.ഡി.എഫിന്‍റെ മുതിര്‍ന്ന നേതാക്കളും രാഹുലിനോടൊപ്പം ഉണ്ടായിരുന്നു.