കൊല്ലം:മുന്നാക്ക വികസന കോര്‍പ്പറേഷൻ ചെയര്‍മാനും മുൻമന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (86)അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആർ ബാലകൃഷ്‌ണപിള്ള അന്തരിച്ചു വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോൺഗ്രസിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു. എക്സൈസ്, ഗതാഗതം, വൈദ്യുത വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാൻ കൂടിയാണ്.
1935 മാർച്ച് എട്ടിന് കൊട്ടാരക്കര വാളകം കീഴൂട്ട് രാമൻപിള്ള - കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറിയത്. തുടർന്ന് കേരളാ കോൺഗ്രസിലേക്കും അവിടെ നിന്ന് സ്വന്തം പാർട്ടിയുണ്ടാക്കിയുമായിരുന്നു പൊതുപ്രവർത്തനം. 16-ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമെടുത്തിരുന്നു. രാഷ്ട്രീയത്തിനൊപ്പം സമുദായ പ്രവർത്തനത്തിലും സജീവമായിരുന്നു. ആറ് പതിറ്റാണ്ടിലേറെ പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിന്‍റായിരുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ വത്സലകുമാരി 2018ൽ നിര്യതയായി. മക്കൾ: കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കു പുറമേ, ഉഷ, ബിന്ദു. മരുമക്കൾ: മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, ബിന്ദു മേനോൻ.