കൊല്ലം: ആറു പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യം, രാഷ്ട്രീയത്തിലെ അതികായൻ... വിശേഷണങ്ങളേറെയാണ് ആര്‍ ബാലകൃഷ്ണപിള്ളയെന്ന നേതാവിന്. പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മന്ത്രി വരെ. ഏതു വിവാദത്തേയും ചങ്കുറപ്പോടെ നേരിട്ട കരുത്തനായ നേതാവ്. അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.
മകന്‍റെ കേരള രാഷ്ട്രീയത്തിലെ ഒരു വിജയ വാര്‍ത്ത കൂടി കേട്ടതിനു ശേഷമാണ് ബാലകൃഷ്ണ പിള്ള എന്ന കരുത്തനായ നേതാവിന്‍റെ വിടവാങ്ങല്‍. ഇക്കുറി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്നും 18050 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മകൻ ഗണേഷ് കുമാര്‍ വിജയിച്ചത്. വിജയ വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്കമാണ് ബാലകൃഷ്ണപിള്ളയുടെ മരണം.
കൊല്ലം ജില്ലയിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ളയുടെ മകനായി ജനിച്ച ബാലകൃഷ്ണ പിള്ള വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് പ്രവർത്തകനായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, എഐസിസി അംഗം എന്ന നിലയില്‍ പ്രവർത്തിക്കുമ്പോഴാണ് 1964ല്‍ കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ സ്ഥാപക ജനറല്‍ സെക്രട്ടറിയായത്. പിന്നീട് കേരള കോൺഗ്രസ് പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പ് നേതാവായ ബാലകൃഷ്ണപിള്ള 1991 മുതല്‍ കേരള കോൺഗ്രസ് (ബി) എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്.
കേരള നിയമസഭയില്‍ ദീർഘകാലം അംഗമായിരുന്ന ബാലകൃഷ്ണപിള്ള ഗതാഗതം, വൈദ്യുതി, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ദീർഘകാലം ഇടമുളയ്ക്കല്‍, കൊട്ടാരക്കര പഞ്ചായത്തുകളുടെ പ്രസിഡന്‍റ്, പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളുടെ എംഎല്‍എ എന്ന നിലയില്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ബാലകൃഷ്ണപിള്ള. 1971ല്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വത്സലയാണ് ഭാര്യ. മുൻ മന്ത്രിയും നിലവില്‍ പത്തനാപുരം നിയോജക മണ്ഡലം എംഎല്‍എയും സിനിമാ താരവുമായ കെബി ഗണേഷ് കുമാർ മകനാണ്. ഉഷ, ബിന്ദു എന്നിവരും മക്കളാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യ നിയമസഭാ സാമാജികൻ കൂടിയാണ് ബാലകൃഷ്ണപിള്ള. നിലപാടുകൾ വെട്ടിത്തുറന്ന് പറയുകയും വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന മന്ത്രിയും എംഎല്‍എയുമായിരുന്നു അദ്ദേഹം. ഇടമലയാർ കേസില്‍ സുപ്രീംകോടതി ഒരു വർഷത്തെ തടവിന് വിധിക്കപ്പെട്ടപ്പോൾ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യമന്ത്രി കൂടിയായി ബാലകൃഷ്ണ പിള്ള.
പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കപ്പെട്ടിരുന്നു. ദീർഘകാലം യുഡിഎഫിനൊപ്പം നിന്ന ബാലകൃഷ്ണ പിള്ള 2016 മുതല്‍ എല്‍ഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. 2001ല്‍ കൊട്ടാരക്കരയില്‍ നിന്ന് ബാലകൃഷ്ണപിള്ളയും പത്തനാപുരത്ത് നിന്ന് മകൻ ഗണേഷ് കുമാറും ജയിച്ച് നിയമസഭയില്‍ എത്തിയത് കേരള രാഷ്ട്രീയത്തിലെ മറ്റൊരു കൗതുകമാണ്.