കൊല്ലം: കൊവിഡ് 19 നിയന്ത്രണവും നിർദ്ദേശവും ലംഘിച്ച് നാട്ടിലേക്ക് കടന്ന കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുത്തു. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 188, 268, 270, 271 വകുപ്പുകൾ പ്രകാരമാണ് കേസ്. വിവാഹശേഷം സിംഗപ്പൂരിലേക്ക് പോയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ നിരീക്ഷണത്തിൽ പോകാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിരുന്നു.
നിയന്ത്രണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കലക്‌ടര്‍ക്കെതിരെ കേസ് - കൊല്ലം വാര്‍ത്തകള്‍
കൊല്ലം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 188, 268, 270, 271 വകുപ്പുകൾ പ്രകാരമാണ് കേസ്.

19ാം തീയതി മുതൽ ഔദ്യോഗികവസതിയിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാണാതാവുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാന്‍പൂരിൽ ആണെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥന്‍റേത് ഗുരുതര ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് കലക്ടറുടെ നടപടി. അതേസമയം, കൂടുതൽ സുരക്ഷിതം തേടി നാട്ടിലേക്ക് മാറുകയായിരുന്നു എന്നാണ് കലക്ടറുടെ വിശദീകരണം. ഔദ്യോഗികവസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു. ബന്ധുക്കൾ ഒപ്പം ഇല്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും വിശദീകരണത്തിൽ പറയുന്നു.