കൊല്ലം: രാജ്യം വിറങ്ങലിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്നേക്ക് നാല് വയസ്. 2016 ഏപ്രിൽ 10ന് പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ 110 ജീവനുകളാണ് പൊലിഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തിൽ 700ൽ അധികം ആളുകൾക്ക് പരിക്കേറ്റു. നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പുറ്റിങ്ങൽ ദുരന്തത്തിന്‍റെ ഓർമകള്‍ക്ക് നാല് വയസ്; കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് - പുറ്റിങ്ങൾ കുറ്റപത്രം
കേരളം കണ്ട ഏറ്റവും വലിയ അപകടം നടന്ന് നാലു വർഷം പൂർത്തിയാകുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാതെ മുന്നോട്ടു പോവുകയാണ്. വകുപ്പുതല നടപടി ശുപാർശ ചെയ്യുന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലും ഇതുവരെ നടപടി ഉണ്ടായില്ല.
വെടിക്കെട്ട് ആസ്വദിച്ച് നിന്നിരുന്ന ആയിരക്കണക്കിന് ജനങ്ങൾ ഒരു നിമിഷം കൊണ്ട് മുന്നിൽ കണ്ടത് തീഗോളവും കാതടപ്പിക്കുന്ന ശബ്‌ദവുമായിരുന്നു. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. എന്തു ചെയ്യണമെന്നോ എങ്ങോട്ട് ഓടണമെന്നോ അറിയാതെ ആളുകൾ പരക്കം പാഞ്ഞു. അത് മരണ സംഖ്യ ഉയർത്താൻ കാരണമായി. ദുരന്തത്തിൽ 113 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. എന്നാൽ അതിൽ മൂന്ന് പേരെ തിരിച്ചറിയാനായില്ല. ദുരന്തം കഴിഞ്ഞുള്ള രണ്ടുവർഷം ക്ഷേത്രോത്സവ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രവാസി മലയാളി വ്യവസായികളും സഹായധനം നൽകിയിരുന്നു. കഴിഞ്ഞവർഷം വെടിക്കെട്ട് ഒഴിവാക്കി ഉത്സവം ആഘോഷിച്ചു. കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷവും ഉത്സവം ചടങ്ങുകളിൽ മാത്രം ഒതുക്കി.
കേരളം കണ്ട ഏറ്റവും വലിയ അപകടം നടന്ന് നാലു വർഷം പൂർത്തിയാകുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാതെ മുന്നോട്ടു പോവുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണസംഘം. അന്നത്തെ ജില്ലാ കലക്‌ടർ ഉൾപ്പെടെയുള്ളവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്യുന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലും ഇതുവരെ നടപടി ഉണ്ടായില്ല. 10,000 പേജുള്ള കുറ്റപത്രമാണ് തയ്യാറായിട്ടുള്ളത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കരാറുകാരും ഉൾപ്പെടെ 59 പേരാണ് നിലവിൽ പ്രതിപട്ടികയിൽ. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിനും തീരുമാനമായില്ല.