കൊല്ലം:അമ്മച്ചി വീട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. സ്വകാര്യ ബസിൻ്റെ അമിത വേഗതയാണ് കൂട്ടിയിടിക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു (Private Bus Collision At Kollam Several Passengers injured). ഇന്നലെ വൈകിട്ടോട് കൂടിയാണ് അപകടം ഉണ്ടായത്. ചവറയിൽ നിന്നും കൊട്ടിയത്തേക്ക് പോയ സയിഫാൻ എന്ന ബസും, ആശ്രാമം ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നും ചവറയിലേക്ക് പോയ ആദിദേവ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് അപകടം സംഭവിച്ചത്.
ചവറയിൽ നിന്നും കൊട്ടിയത്തേക്ക് പോയ ബസിൻ്റെ അമിത വേഗതയും ഡ്രൈവറുടെ ശ്രദ്ധാകുറവുമാണ് അപകടത്തിലേക്ക് നയിച്ചത്. ആശ്രാമം ഭാഗത്ത് നിന്നും വന്ന ബസ് എതിർ ദിശയിൽ നിന്നും വന്ന ബസിൻ്റെ അമിത വേഗത കണ്ട് ബസ് വേഗത കുറച്ച് ഒതുക്കി നിർത്തിയത് കൊണ്ട് മാത്രമാണ് വൻ ദുരന്തവും, മരണങ്ങളും ഒഴിവായത്. ചവറയിൽ നിന്നും വന്ന സയിഫാൻ ബസിൻ്റെ നിയന്ത്രണം വിട്ട് ഒരു തട്ട് വണ്ടിയും, റോഡിന് സമീപത്തെ വീടിൻ്റെ ചുറ്റുമതിലും തകർത്താണ് നിന്നത്. ബസ് യാത്രക്കാരായ പത്ത് പേർക്ക് അപകടത്തിൽ പരിക്കു പറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ല അശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി വാഹനങ്ങൾ എടുത്ത് മാറ്റാൻ മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും അവർക്ക് വാഹനങ്ങൾ അനക്കാൻ പോലും കഴിഞ്ഞില്ല. വെറും കൈയോടെയെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ നാട്ടുകാരെ പോലെ കാഴ്‌ചക്കാരായി നോക്കി നിന്നു. രണ്ട് യൂണിറ്റ് അഗ്നിശമന സേനാവിഭാഗമാണ് സംഭവസ്ഥലത്ത് എത്തിയതെങ്കിലും അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം സ്വകാര്യ ക്രെയിൻ സർവീസിൻ്റെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചു. ക്രെയിൻ എത്തി ഇരു ബസുകളും നീക്കം ചെയ്‌തതിന് ശേഷമാണ് മണിക്കൂറുകൾ നീണ്ട ഗതാഗത സ്‌തംഭനം പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞത്. അപകടത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.