കൊല്ലം:അഷ്‌ടമുടി കായലില്‍ നടന്ന എട്ടാമത് പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവത്തില്‍ വിജയകിരീടം ചൂടി എന്‍സിഡിസി ക്ലബിന്‍റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പൊലീസിന്‍റെ ചമ്പക്കുളം എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. 1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍.
പ്രസിഡന്‍റ്സ് ട്രോഫി കിരീടം നടുഭാഗം ചുണ്ടന്; ബോട്ട് ലീഗില്‍ ചാമ്പ്യന്മാരായി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ - Presidents Trophy 2022
അഷ്‌ടമുടി കായലില്‍ സജ്ജമാക്കിയ 1100 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരങ്ങള്‍. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ 116 പോയിന്‍റെ നേടിയാണ് പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ കിരീടം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണിലെ 12-ാം മത്സരവും കലാശപ്പോരാട്ടവും കാണികള്‍ക്ക് ആവേശമായി. 116 പോയിന്‍റ് സ്വന്തമാക്കിയ പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലാണ് ലീഗ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടന്‍ 107 പോയിന്‍റ് നേടിയിരുന്നു.
കേരള പൊലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മൂന്നാം സ്ഥാനത്തായാണ് ലീഗില്‍ ഫിനിഷ് ചെയ്‌തത്. 92 പോയിന്‍റായിരുന്നു ഇവരുടെ സമ്പാദ്യം. സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിന് സാധിച്ചെന്ന് പരിപാടിയില്‍ പങ്കെടുത്ത ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.