കൊല്ലം: പ്രകൃതിയെ സ്നേഹിക്കുന്നവരാണ് മലയാളികൾ ഏറെയും. എന്നാൽ വ്യത്യസ്തമായി മരത്തെ സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട് കൊല്ലത്ത്.മരത്തെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയാണ് കൊല്ലം മാടൻനട സ്വദേശി സുനിലും കുടുംബവും.
വീടിനുളളിലെ കൂറ്റന്‍ മാവ് ; പ്രായം 50 വയസ് കൗതുകവും, അതിശയവുമാണ് റിട്ടേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ സുനിലിൻ്റെ വീടും വീടിനുള്ളിലെ കൂറ്റൻ മരവും. അറുപതടി ഉയരമുള്ള കൂറ്റൻ മാവ് നിൽക്കുന്നത് വീടിനുള്ളിലാണ്. അമ്പത് വർഷത്തോളം പഴക്കമുള്ള മാവിനെയാണ് സുനിലും കുടുംബവും മക്കളെ പോലെ സംരക്ഷിക്കുന്നത്.
തനിക്ക് ഈ മാവ് നൽകുന്നത് അമ്മയുടെ ഓർമകളാണെന്ന് സുനിൽ പറയുന്നു. 18 വർഷങ്ങൾക്ക് മുമ്പ് മരിച്ച പോയ സുനിലിൻ്റെ അമ്മ നട്ടതാണ് ഈ മാവ്. അമ്മ മാവിനെ സംരക്ഷിച്ചിരുന്ന അതേ രീതിയിൽ തന്നെയാണ് മകനും മാവിനെ നോക്കുന്നത്.
Also Read: യുവതിയെ 10 വര്‍ഷം വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മീഷൻ തെളിവെടുക്കും
പഴയ വീട് പൊളിച്ച് പുതിയ വീട് വെക്കാൻ തുടങ്ങിയപ്പോൾ മരം തടസമായി. എന്നാൽ തൻ്റെ അമ്മ നട്ടമരം മുറിച്ച് മാറ്റാൻ സുനിൽ സമ്മതിച്ചില്ല. അവസാനം മരം മുറിക്കാതെ വീട് നിർമിക്കാൻ സുനിൽ തീരുമാനിച്ചു. വീടിനുള്ളിൽ തന്നെ മരത്തിന് വളരാൻ സ്ഥലം നൽകി. വീടിന് മുകളിൽ കയറി നിന്നാൽ മരത്തിന് മുകളിൽ കയറിയ അനുഭവമാണ് സമ്മാനിക്കുന്നത്.
ഇവിടെയുള്ള ഓരോ മരത്തോടും വൈകാരിക ബന്ധമുള്ളവരാണ് വീട്ടുകാരെല്ലാം. മാവ്, പ്ലാവ്, തെങ്ങ്, തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാലും ഔഷധ സസ്യങ്ങളാലും സമ്പന്നമാണ് സുനിലിൻ്റെ വീടും പരിസരവും. പ്രായം 50 കഴിഞ്ഞെങ്കിലും, ഓരോ മാമ്പഴക്കാലത്തും ഇല കാണാതെ കായ്ച്ചാണ് മാവ് വീട്ടുകാരെ തിരികെ സ്നേഹിക്കുന്നത്.