കൊല്ലം:നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്ന പിസി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ. ചെങ്ങന്നൂരിൽ പാർട്ടിയെ നശിപ്പിച്ച ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലം മണ്ഡലത്തിൽ കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊല്ലം മണ്ഡലത്തിൽ ബിന്ദുകൃഷ്ണക്ക് വെല്ലുവിളി ഉയർത്തി എ ഗ്രൂപ്പ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നത് പിസി വിഷ്ണുനാഥാണ്. ഈ രണ്ട് പേരുകൾ നേതൃത്വം സജീവമായി പരിഗണിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനെതിരെ നഗരത്തിന്‍റെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
പിസി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ; ദേശാടനക്കിളിയെ കെട്ടിയിറക്കരുതെന്ന് ആവശ്യം - ദേശാടനക്കിളി
ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണുനാഥിനെ കെട്ടിയിറക്കരുത്, ബിന്ദുകൃഷ്ണയാണ് അനുയോജ്യയായ സ്ഥാനാർഥി എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്തിന് വേണ്ട, ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണു നാഥിനെ കെട്ടിയിറക്കരുത്, ബിന്ദുകൃഷ്ണയാണ് അനുയോജ്യയായ സ്ഥാനാർഥി എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ആർഎസ്‌പി ഓഫീസിന് മുന്നിലും ഡിസിസിക്ക് മുന്നിലും പോസ്റ്ററുകളുണ്ട്.
കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തർക്കം ഗ്രൂപ്പ് പോരിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചന. കഴിഞ്ഞ തവണ എ ഗ്രൂപ്പ് മത്സരിച്ച സീറ്റാണ് കൊല്ലം. അതുകൊണ്ട് തന്നെ സീറ്റ് തങ്ങളുടെതാണെന്ന അവകാശ വാദം എ ഗ്രൂപ്പിനുണ്ട്. അതേസമയം പാർട്ടിയിലെ ഐക്യം തകർക്കാൻ ചിലർ നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് പോസ്റ്റർ പ്രചാരണത്തിന് പിന്നിലെന്നും ഇതിനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.