കൊല്ലം : ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഐപിസി സെക്‌ഷൻ 354, 509(സ്‌ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനിത പൊലീസ് അംഗം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യമായി നീറ്റ് പരീക്ഷയെഴുതാനെത്തിയ തന്‍റെ മകൾക്ക് നേരിട്ടത് ദുരനുഭവം ആണെന്നും ഇതുവരെ അതിന്‍റെ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. നീറ്റ് ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്ന ഡ്രസ് കോഡ് അനുസരിച്ചാണ് മകൾ വസ്ത്രം ധരിച്ചിരുന്നതെന്നും രക്ഷിതാവ് വ്യക്തമാക്കി.