കൊല്ലം: കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചതായി സ്വതന്ത്ര സ്ഥാനാർഥി ഇ.എം.സി.സി ഡയറക്‌ടർ ഷിജു വർഗീസ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും ഈ സംഭവത്തിൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നനും ഷിജു വർഗീസും വ്യക്തമാക്കി. ഇന്നോവ കാറിൽ പെട്രോളുമായി എത്തിയ ഇം.എം.സി.സി.ഡയറക്‌ടർ സ്വയം വാഹനം കത്തിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തെ സ്‌പെഷ്യൽ ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തുവെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം.
കാറിലെത്തിയ സംഘം അപായപെടുത്താൻ ശ്രമിച്ചതായി ഷിജു വർഗീസ്; മന്ത്രിക്കെതിരെ പി.സി.വിഷ്‌ണുനാഥും രംഗത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തള്ളിയ പൊലീസ്, ഷിജു വർഗീസിനെ കസ്‌റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്‌റ്റേഷനിൽ എത്തിയെന്നുമാണ് അറിയിച്ചത്. ഷിജുവിന്‍റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി.
അതേ സമയം മന്ത്രിക്കെതിരെ കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർഥി പി സി.വിഷ്‌ണുനാഥും രംഗത്തെത്തി. മേഴ്‌സിക്കുട്ടിയമ്മ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്നും മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വിഷ്‌ണുനാഥ് വ്യക്തമാക്കി.