കൊല്ലം: പത്തനാപുരത്ത് പന്നി പടക്കം കടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണ സംഘം പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്ന വാദവുമായി പ്രതികളുടെ കുടുംബാംഗങ്ങൾ. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. കേസിലെ പ്രതികളായ ശരത്, രഞ്ചിത്ത്, ഒളിവില്‍ കഴിയുന്ന രാജേഷ്, രാധാകൃഷ്ണന്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
കാട്ടാന ചെരിഞ്ഞ സംഭവം; പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്ന് ആരോപണം - പത്തനാപുരം
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിടിയിലായവരുടെ ബന്ധുക്കള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി
ഇവരുടെ വീടുകളിൽ നിന്ന് തൊണ്ടിമുതലോ തെളിവുകളോ ലഭിക്കാതെ വനം വകുപ്പ് കൃത്രിമമായി തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. പന്നിപ്പടക്കം വയ്ക്കാനുപയോഗിക്കുന്നതിനായി വീടുകളിൽ ശേഖരിച്ചുവച്ചതായി പറയപ്പെടുന്ന കൈതച്ചക്കകള്‍ വീട്ടുവളപ്പില്‍ നിന്നും ഒടിച്ച് കൊണ്ട് പോവുകയായിരുന്നു. പരിശോധനയുടെ പേരിൽ രാത്രികാലങ്ങളിൽ പോലും പ്രദേശത്തെ വീടുകളിൽ വനം വകുപ്പുദ്യോഗസ്ഥർ കയറി ഇറങ്ങുകയാണന്നും ഇവർ ആരോപിക്കുന്നു. അതേസമയം കാട്ടാന ചെരിഞ്ഞത് ഇവര്‍ വെച്ച പന്നിപടക്കം കടിച്ചാണന്നും വന്യമ്യഗങ്ങളെ വേട്ടയാടി വില്‍പന നടത്തി വരുന്നതിനിടെയാണ് സംഘം പിടിയിലായതെന്നും വനംവകുപ്പ് ആവർത്തിച്ചു.