കേരളം

kerala

ETV Bharat / state

ഗാന്ധിജിയുടെ പാദസ്‌പർശമേറ്റ മണ്ണ്: സ്നേഹ സ്‌മാരകമായി പന്മന ആശ്രമം - k kelappan

ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ട മുതൽ പന്മന വരെ റോഡിന്‍റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകളുടെ അകമ്പടിയോടെയാണ് ജനങ്ങൾ മഹാത്മജിയെ വരവേറ്റതെന്ന് ഓർത്തെടുക്കുകയാണ് ആശ്രമ മഠാധിപതി പ്രണവാനന്ദ തീർഥപാദർ.

Panmana ashramam memmory of gandhiji
ഗാന്ധിജിയുടെ പാദസ്‌പർശമേറ്റ മണ്ണ്: സ്നേഹ സ്‌മാരകമായി പന്മന ആശ്രമം

By

Published : Aug 19, 2020, 6:30 PM IST

Updated : Aug 19, 2020, 10:03 PM IST

കൊല്ലം: ഈ ആശ്രമ മുറ്റം നിറയെ മണല്‍ത്തരികളാണ്. ഓരോ മണല്‍ത്തരികൾക്കും പറയാനുള്ളത് ഇന്ത്യൻ രാഷ്ട്രപിതാവിന്‍റെ കാല്‍സ്‌പർശം ഏറ്റുവാങ്ങിയതിന്‍റെ സ്‌മരണകൾ. മഹാത്മാ ഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചതിന്‍റെ നൂറാം വാർഷികം കടന്നുപോകുമ്പോൾ മഹാത്മജിക്ക് ആതിഥ്യമരുളിയ കൊല്ലം ജില്ലയിലെ പന്മന ആശ്രമം സ്നേഹ സ്മാരകമായി തല ഉയർത്തി നില്‍ക്കുകയാണ്. അഞ്ചു തവണ കേരള സന്ദർശനം നടത്തിയ മഹാത്മാ ഗാന്ധി 1934 ജനുവരി 19 ന് ആണ് പന്മന ആശ്രമത്തിൽ എത്തുന്നത്.

ഗാന്ധിജിയുടെ പാദസ്‌പർശമേറ്റ മണ്ണ്: സ്നേഹ സ്‌മാരകമായി പന്മന ആശ്രമം

സമൂഹത്തിൽ അക്കാലത്ത് നിലനിന്നിരുന്ന അസമത്വങ്ങൾക്ക് എതിരെ ഹരിജൻ ഫണ്ട് ശേഖരണത്തിനായി പന്മന ആശ്രമ സ്ഥാപകൻ കുമ്പളത്ത് ശങ്കുപിള്ളയുടെ അപേക്ഷ മാനിച്ചാണ് ഗാന്ധിജി പന്മനയിൽ എത്തുന്നത്. ഗാന്ധിജിക്ക് താമസിക്കാനും വായിക്കാനുമായി ആശ്രമത്തോട് ചേർന്ന് ഓലപുരയും നിർമിച്ചു. രണ്ടു ദിവസം ആശ്രമത്തിലെ ഓലപ്പുരയില്‍ താമസിച്ച ഗാന്ധിജിയുടെ സ്‌മരണകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ആശ്രമത്തിലെ ശിവക്ഷേത്രത്തിനു മുന്നില്‍ മഹാത്മജിയുടെ സന്ദർശന ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ട മുതൽ പന്മന വരെ റോഡിന്‍റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകളുടെ അകമ്പടിയോടെയാണ് ജനങ്ങൾ മഹാത്മജിയെ വരവേറ്റതെന്ന് ഓർത്തെടുക്കുകയാണ് ആശ്രമ മഠാധിപതി പ്രണവാനന്ദ തീർഥപാദർ.

ഗാന്ധിജിക്ക് ഒപ്പം മീരാബെന്നും കെ. കേളപ്പൻ അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. സന്ദർശന വേളയിൽ മീരാ ബെൻ നട്ട വേപ്പിൻ തൈ ഇന്നും ആശ്രമത്തിന് തണലേകുന്നുണ്ട്. നവോഥാന നായകൻ ചട്ടമ്പിസ്വാമികളുടെ സമാധി മന്ദിരമായ പന്മന ആശ്രമത്തിൽ എത്തുന്നവരെ ആദ്യം ആകർഷിക്കുക ഗാന്ധി സ്മാരകമാണ്. ചട്ടമ്പിസ്വാമികളുടെ ഭക്തനും സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ കുമ്പളത്ത് ശങ്കുപ്പിളയുടെയും പത്നി കുമ്പളത്ത് ജാനകി അമ്മയുടെയും സ്‌മൃതി മണ്ഡപവും ആശ്രമത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ആയുർവേദം, സംസ്കൃതം, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളിൽ ആശ്രമത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. ആയുർവേദ ചികിത്സയ്ക്കായി നിരവധി പേരാണ് ആശ്രമത്തില്‍ എത്തിയിരുന്നത്. കൊവിഡ് കാലമായതോടെ തിരക്ക് ഒഴിഞ്ഞു. കൂടുതൽ ശാന്തമാണ് ആശ്രമാന്തരീക്ഷം. പക്ഷേ 86 വർഷങ്ങൾക്കിപ്പുറവും ആശ്രമ മുറ്റത്തെ മണല്‍ത്തരികൾക്ക് മഹാത്മജിയുടെ കാല്‍സ്‌പർശമേറ്റ സ്‌മരണകൾ.

Last Updated : Aug 19, 2020, 10:03 PM IST

ABOUT THE AUTHOR

...view details