കൊല്ലം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഢാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്‍റെ ഓർമയാചരണമാണ് ഓശാന. ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന ക്രിസ്തുവിനെ ഒലിവ് മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം. കേരളത്തിൽ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഓശാനയോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.
വിശുദ്ധവാരത്തിന് തുടക്കം; ഓശാന ഞായര്‍ ആഘോഷിച്ച് വിശ്വാസികള്‍ - കൊല്ലം ബിഷപ്പ് പോൾ ആന്‍റണി മുല്ലശേരി
കൊല്ലത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായര്‍ ആചരിച്ചു
തുടർന്ന് പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക തിരുകര്‍മങ്ങള്‍ നടന്നു. തങ്കശേരി ഇൻഫന്‍റ് ജീസസ് കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിനും പ്രാര്‍ഥനകള്‍ക്കും കൊല്ലം ബിഷപ് പോൾ ആന്‍റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. കൊല്ലം തുയ്യം വേളാങ്കണ്ണി മാതാ പള്ളിയിലും ഓശാന ഞായർ ആചരിച്ചു. വേളാങ്കണ്ണി മാതാ പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.