കൊല്ലം: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗും പ്രസഡന്‍റ്സ് ട്രോഫിയും സ്വന്തമാക്കി നടുഭാഗം ചുണ്ടന്‍. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളിയോടൊപ്പം നടന്ന സിബിഎല്‍ ഫൈനലില്‍ കാരിച്ചാലിനെയും ദേവാസിനെയും പിന്നിലാക്കിയാണ് നടുഭാഗം ജലചക്രവര്‍ത്തിയായത്. 4:33:69 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ഫിനിഷിങ് ലൈന്‍ കടന്നത്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ (റേജിംഗ് റോവേഴ്സ്) 4:33:80 മിനിറ്റിലും എന്‍സിഡിസി തുഴഞ്ഞ ദേവാസ്(മൈറ്റി ഓര്‍സ്) 4:33:93 മിനിറ്റിലും ഫിനിഷിങ് ലൈന്‍ കടന്നു.
അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഒരു സെക്കന്‍റിന്‍റെ നൂറില്‍ പതിനൊന്ന് അംശത്തിന്‍റെ വ്യത്യാസത്തിലാണ് നടുഭാഗം തുഴഞ്ഞു കയറിയത്. സിബിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലില്‍ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ 11 മില്ലിസെക്കന്‍റുകളുടെ വ്യത്യാസവും രണ്ടും മൂന്നും തമ്മില്‍ 13 മില്ലിസെക്കന്‍റുകളുടെ വ്യത്യാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:21.50 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.
ഓഗസ്റ്റ് 31-ലെ നെഹൃട്രോഫി വള്ളംകളിയിലും നടുഭാഗത്തിനായിരുന്നു വിജയം. സിബിഎല്‍ ജേതാക്കൾ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്. 12 മത്സരങ്ങളില്‍ നിന്നായി 173 പോയിന്‍റാണ് ടീം തുഴഞ്ഞെടുത്തത്. ലീഗില്‍ കാരിച്ചാല്‍ 86 പോയിന്‍റുമായി രണ്ടാം സ്ഥാനവും ദേവസ് 76 പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷവും വീതവുമാണ് ലഭിക്കുക. ഇതു കൂടാതെ അതത് ദിവസത്തെ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, ഒന്ന് ലക്ഷം രൂപ വീതം ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും നാലു ലക്ഷം രൂപ വീതം ലഭിക്കും.