കൊല്ലം:മുഖംമൂടി ധരിച്ചെത്തി ഗൃഹനാഥന്‍റെ കാലുകൾ തല്ലിയൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ.വടക്കേവിള സുരഭി നഗർ 191അജിതാ ഭവനിൽ കുമാർ എന്നു വിളിക്കുന്ന ശിവകുമാർ (46), അയത്തിൽ നഗർ പുളിന്താനത്ത് തെക്കതിൽ ബൈജു (48), ദർശനാനഗർ 181സബീനാ മൻസിലിൽ സനോജ് (37), പട്ടത്താനം ദർശനാ നഗർ 127 കാർത്തിക വീട്ടിൽ അരുൺ (40) പട്ടത്താനം ജനകീയ നഗർ 206എ, ഭാമാ നിവാസിൽ സന്തോഷ് (48) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്‌റ്റ് ചെയ്തത്.
മുഖം മൂടി ധരിച്ചെത്തി ഗൃഹനാഥനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘം അറസ്‌റ്റിൽ - kollam attack arrest
കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ പതിനേഴിന് രാത്രി പത്തരയോടെ പാലത്തറ ബൈപ്പാസ് റോഡിനടുത്ത് എൻ.എസ്.ആയുർവേദ ആശുപത്രിക്ക് സമീപം ഒറ്റയ്‌ക്ക് താമസിക്കുന്ന അനിൽകുമാറിന്‍റെ(52) കാലുകളാണ് കമ്പി വടി ഉപയോഗിച്ച് അക്രമികൾ തല്ലിയൊടിച്ചത്. രാത്രിയിൽ നടന്ന സംഭവം രാവിലെയാണ് പുറം ലോകം അറിയുന്നത്. ആദ്യം പ്രതികളെ കുറിച്ച് പൊലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പിന്നീട് ബൈപാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ ക്യാമറകളും, സൈബർ സെല്ലിന്‍റെ സഹായത്തോടെ സമീപത്തെ മൊബൈൽ ടവ്വറുകളിൽ നിന്നു പോയ പതിനായിരത്തോളം ഫോൺ കോളുകളും പരിശോധിച്ചതിനെ തുടർന്നാണ് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണന്‍റെയും, അസി.പൊലീസ് കമ്മീഷണർ പ്രദീപ് കുമാറിന്‍റെയും മേൽനോട്ടത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് എഴുകോൺ കരീപ്രയിലുള്ള ഒളിസങ്കേതത്തിൽ നിന്നും പ്രതികളെ പിടികൂടിയത്. കാലുകൾ ഒടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന അനിൽകുമാറിന്‍റെ ബന്ധുവായ സന്തോഷിന്‍റെ ക്വട്ടേഷൻ പ്രകാരമാണ് അരുണിന്‍റെ കാറിലെത്തിയ സംഘം ആക്രമണം നടത്തിയതെന്നും കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു.