കൊല്ലം: ജില്ലയിലെ ചുമരുകളില്‍ വരകൾ കൊണ്ട് വിസ്‌മയം തീര്‍ക്കുകയാണ് ചിത്രകാരന്‍ ജോമോന്‍. കൊല്ലത്തിന്‍റെ ഗ്രാമീണ സൗന്ദര്യവും ചരിത്രവും പൗരാണികതയുമെല്ലാം ജോമോന്‍റെ കരവിരുതില്‍ പുനലൂര്‍ എംഎല്‍എ റോഡിലെ മതിലില്‍ ചിത്രങ്ങളായി മാറുന്നു. 33 അടി വീതിയിലും 10 അടി പൊക്കത്തിലുമുള്ള മതിലിലാണ് ജോമോന്‍ വരകളുടെ വര്‍ണകാഴ്‌ചകൾ ഒരുക്കിയിരിക്കുന്നത്.
മതിലില്‍ വിരിയും കൊല്ലം കാഴ്‌ചകൾ - arteria
ജോമോന്‍റെ കരവിരുതില്‍ പുനലൂർ തൂക്കുപാലം, തങ്കശ്ശേരി വിളക്കുമാടം, ചടയമംഗലം ജഡായു പാറയുമെല്ലാം മതിലുകളില്‍ വര്‍ണകാഴ്‌ചകൾ ഒരുക്കുന്നു
തകർന്ന് കിടന്നിരുന്ന റോഡ് പുനര്‍നിര്‍മിച്ചതോടെയാണ് റോഡിനോട് ചേര്‍ന്നുള്ള മതിലില്‍ ചുമര്‍ചിത്രങ്ങൾ വരക്കാനുള്ള ആശ ജോമോന്‍റെ മനസില്‍ മൊട്ടിട്ടത്. ഒട്ടും വൈകാതെ പണിയുമാരംഭിച്ചു. പുനലൂർ തൂക്കുപാലം, തങ്കശ്ശേരി വിളക്കുമാടം, ചടയമംഗലം ജഡായു പാറ, തെന്മല പരപ്പാർ അണക്കെട്ട് തുടങ്ങി കിഴക്കൻ വനയോര മേഖലയുടെ സ്വന്തം ശെന്തുരുണിക്കാട് വരെ മതിലില്‍ വരച്ചുചേര്‍ത്തു. ഇന്ത്യയിലെ തന്നെ വലിയ പബ്ലിക് ആര്‍ട്ട് പ്രോജക്‌ടുകളിലൊന്നായ തിരുവനന്തപുരത്തെ ആര്‍ട്ടീരിയ ചുമരുകള്‍ യാത്രക്കിടയിൽ മനസിൽ പതിഞ്ഞതാണ് സ്വന്തം നാട്ടിലും ഇങ്ങനെയൊരു ചുമർചിത്രം വരക്കാന്‍ കാരണമായതെന്ന് ജോമോൻ പറഞ്ഞു. നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പോസ്റ്ററുകള്‍ പതിക്കുന്നതിന് മുമ്പ് ഇതുപോലുള്ള ആര്‍ട്ടീരിയ ചുമരുകള്‍ തയ്യാറാക്കുന്ന ആലോചനയിലാണ് ജോമോൻ.