കൊല്ലം :ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ (Oyoor girl missing case) പ്രധാന പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാറിൻ്റെ ഭാര്യയും മകളും പ്രതിയാകും. പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അടൂർ എ ആർ ക്യാമ്പിലാണ് പ്രതി പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. കുട്ടിയെ തട്ടി പോകാൻ കാരണം പിതാവ് റെജിയോടുള്ള മുൻവൈരാഗ്യമാണെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം (Oyoor girl missing case accused accepted the crime). പത്മകുമാറിൻ്റെ മകൾക്ക് വിദേശത്ത് നഴ്‌സിങ് ജോലി ശരിയാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് കാരണം.
അഞ്ച് ലക്ഷം രൂപ കൂട്ടിയുടെ അച്ഛൻ റെജിക്ക് പത്മകുമാർ നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പാർപ്പിച്ചത് ഇയാളുടെ പോളച്ചിറയിലെ ഫാം ഹൗസിലായിരുന്നു. ഇവിടെ കുഞ്ഞിനെ നോക്കിയിരുന്നത് പത്മകുമാറിൻ്റെ മകളാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പത്മകുമാർ സഹായം തേടിയത് കൊല്ലത്തെ സ്ത്രീകൾ ഉള്‍പ്പെടുന്ന ക്വട്ടേഷൻ സംഘത്തില്‍ നിന്നാണ്. ഇവർക്കായി പൊലീസ് നഗരത്തിൽ വ്യാപക പരിശോധന ആരംഭിച്ചു.
കുടുംബത്തെ ഭയപ്പെടുത്തുക മാത്രമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെ ഉദ്ദേശമെന്ന് പത്മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഭാര്യയ്ക്കും മകൾക്കും കൃത്യത്തില്‍ പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യലില്‍ ആവർത്തിച്ച് പറയുന്നത്. രേഖാചിത്രവും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് തട്ടിക്കൊണ്ട് പോകൽ പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്.