മകളുടെ ജീവൻ മാത്രം തിരികെ നൽകണമെന്ന് അപേക്ഷിച്ച് തിരിച്ചു പോകാൻ ഒരുങ്ങുകയാണ് ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ കുടുംബം. മകളെ തിരികെ ലഭിച്ചാലുടൻ ഈ നാട് വിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് ഇവരുടെ തീരുമാനം. വിഷു വിപണി ലക്ഷ്യമിട്ട് വിൽപ്പനക്കായി നിര്‍മിച്ച നാലായിരത്തോളം കളിമണ്‍ വിഗ്രഹങ്ങളും ഉപേക്ഷിച്ചാണ് കുടുംബം മടങ്ങാനൊരുങ്ങുന്നത്.
പട്ടിണി മാത്രമായ ജീവിതത്തിന് ഒരാശ്വാസം തേടിയാണ് രാജസ്ഥാനിലെ മണലാരണ്യത്തില്‍ നിന്ന് പെൺകുട്ടിയുടെ കുടുംബം കേരളത്തിൽ എത്തിയത്. പൂവും പൂജയും നൽകി ആരാധിക്കാനാഗ്രഹിക്കുന്ന ദൈവ രൂപങ്ങൾ ഇവരുടെ കൈകളിലൂടെ പൂർണതയിലെത്തി. എന്നാൽ ഇവരുടെ ജീവിതത്തിന് സുരക്ഷ ഒരുക്കാതെ ദൈവങ്ങൾ കൈയ്യൊഴിഞ്ഞു. വിഗ്രഹം വിറ്റുകിട്ടുന്ന ലാഭത്തിൽ ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും പാതി വഴിയിലായി.