കേരളം

kerala

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകല്‍:  പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ നിര്‍ദ്ദേശം

പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്ന്  പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടു.

By

Published : Mar 27, 2019, 3:22 PM IST

Published : Mar 27, 2019, 3:22 PM IST

പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാനി പെണ്‍കുട്ടിയെ കാണാതായ കേസില്‍ രേഖകള്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്നാണ് നിര്‍ദേശം. 18 വയസ് പൂര്‍ത്തിയായെന്ന് പെണ്‍കുട്ടിയും മുഹമ്മദ് റോഷനും പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നിര്‍ദേശം.

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും മുംബൈ പന്‍വേലി ചേരിയിലെ ഒറ്റമുറി വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും മുഹമ്മദ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് റോഷനൊപ്പം പോയതെന്ന് പെണ്‍കുട്ടിയും പൊലീസിന് മൊഴി നൽകി. മാത്രമല്ല തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇതിന്‍റെ രേഖകള്‍ പിതാവിന്‍റെ പക്കലുണ്ടെന്നും പെണ്‍കുട്ടി അന്വേഷണസംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടത്.

വീട്ടില്‍ അതിക്രമിച്ചുകയറിയ നാലംഗസംഘം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവ് ഓച്ചിറ പൊലീസില്‍ നല്‍കിയ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. കേസില്‍ റോഷന്‍റെ സുഹൃത്തുക്കളായ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്നും പെണ്‍കുട്ടിയെയും റോഷനെയും നാളെ ഓച്ചിറയിലെത്തിക്കും.

ABOUT THE AUTHOR

...view details