കേരളം

kerala

ETV Bharat / state

ഓച്ചിറ കേസ്: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിന്‍റെ തെളിവുകൾ പുറത്ത് - തട്ടികൊണ്ട് പോകൽ കേസ്

ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിന്‍റെ തെളിവുകൾ പുറത്ത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും.

പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖ

By

Published : Mar 28, 2019, 1:19 AM IST

Updated : Mar 28, 2019, 2:00 AM IST

ഓച്ചിറയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ആശയക്കുഴപ്പം ആദ്യം മുതൽ തന്നെ നിലനിന്നിരുന്നു. 15 വയസ് എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ഓച്ചിറ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈ പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയിൽ പ്രായപൂർത്തിയായതായാണ് സൂചന.

പ്രായം തെളിയിക്കാൻ ആധാർ അടക്കമുള്ള രേഖകൾ ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. തട്ടിക്കൊണ്ട് പോയതായി പറയപ്പെടുന്ന മുഹമ്മദ് റോഷനും പെൺകുട്ടിക്ക് 18 വയസെന്നാണ് പറഞ്ഞത്. പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളിൽ ജനനത്തീയതി 17.09.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും.

മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി എന്ന പരാതി ലഭിക്കുന്നത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നുപേർ റിമാന്‍ഡിലാണ്.

Last Updated : Mar 28, 2019, 2:00 AM IST

ABOUT THE AUTHOR

...view details