കൊല്ലം : യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ആർ.എസ്.പിയിലെ ഒരു വിഭാഗം. തമ്മിലടി തുടരുന്ന കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇവർ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ നിലപാടെടുക്കുമെന്നാണ് വിവരം. അതേസമയം, പരസ്യനിലപാട് കൈക്കൊള്ളാതെ ആർ.എസ്.പി നീക്കം നിരീക്ഷിക്കാനാണ് സി.പി.എം തീരുമാനം.
രണ്ടു ടേം യു.ഡി.എഫ് ഭരണത്തില്‍ വരാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആര്‍.എസ്.പി പ്രതിനിധികള്‍ക്ക് പ്രാധിനിധ്യമില്ലാത്തത് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കുന്നത് സ്വാഭാവികമെന്ന് ഇക്കാര്യം തള്ളാതെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ബുധനാഴ്‌ച പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് യോഗത്തിലേക്ക് ഇല്ലെന്ന് എ.എ അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്നത് യു.ഡി.എഫിൽ സഖ്യകക്ഷിയായതുമുതൽ രഹസ്യമായും പരസ്യമായും ആർ.എസ്.പി ആവശ്യപ്പെടുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിട്ടും കോൺഗ്രസ് തമ്മിലടി അവസാനിപ്പിച്ചില്ല.
നേതാക്കൾ തമ്മിലുള്ള പോര് വർധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ച അഞ്ചിടത്തും പരാജയമായിരുന്നു ഫലം. കോൺഗ്രസിലെ ഐക്യമില്ലായ്‌മ പരാജയത്തിന് കാരണമായെന്ന് ആർ.എസ്.പി വിലയിരുത്തുന്നു.