കൊല്ലം: കുണ്ടറ ഇളമ്പള്ളൂർ പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സ്വതന്ത്രയായി വിജയിച്ച ആമിന ഷെരീഫ് ആണ് നിലവിൽ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ്. 21 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, ബിജെപി 6, കോൺഗ്രസ് 4 ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്-ബിജെപി പിന്തുണയോടെയാണ് സ്വതന്ത്രയായ ആമിന ഷെരീഫ് പ്രസിഡന്‍റായത്.
ഇളമ്പള്ളൂർ പഞ്ചായത്ത് ഭരണസമിതി വീണു അതിനാടകീയ രംഗങ്ങൾ അരങ്ങേറിയ പ്രമേയാവതരണം
ഭരണസമിതി ആറുമാസം പിന്നിട്ടപ്പോഴാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ പഞ്ചായത്തിൽ അരങ്ങേറി. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന നിലവിലെ ബിജെപി പഞ്ചായത്ത് അംഗം ശ്രീധരൻ എൽഡിഎഫിന് അനുകൂലമായി കൂറുമാറിയതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
പതിനഞ്ചാം വാർഡ് ബിജെപി അംഗമായ ശ്രീധരനെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. സിപിഎം ഇദ്ദേഹത്തെ ഒളിവിൽ പാർപ്പിക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. എന്നാൽ ശ്രീധരൻ അവിശ്വാസ പ്രമേയ ദിവസം ആംബുലൻസിൽ പഞ്ചായത്തിലേക്കെത്തി. എൽഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ശ്രീധരൻ പഞ്ചായത്തിലേക്ക് വന്നത്.
ഉന്തും തള്ളും; ഒടുവിൽ കൂറുമാറ്റം
കൂറുമാറുമെന്ന് ഉറപ്പായതോടെ ബിജെപി പ്രവർത്തകർ ശ്രീധരനെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തടഞ്ഞു. പഞ്ചായത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ പൊലീസ് സംരക്ഷണയിലാണ് ശ്രീധരൻ മുകൾനിലയിലെ പഞ്ചായത്ത് ഹാളിൽ എത്തിയത്. ഉന്തിയും തള്ളിയും ഇടയിൽ ശ്രീധരൻ അവശനാവുകയും ചെയ്തു. ശ്രീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ശാരീരിക അസ്വസ്ഥത ഉണ്ടെങ്കിൽ അംഗം പറയുമെന്നും അപ്പോൾ ആശുപത്രിയിലെത്തിക്കാമെന്നും ഇടത് അംഗങ്ങൾ പറഞ്ഞതോടെ ഹാളിനുള്ളിലും ബഹളമായി.
പ്രമേയം അവതരിപ്പിക്കുന്നതിനിടെ വിപ്പ് ലംഘിച്ചുള്ള പ്രമേയം ചർച്ചയ്ക്ക് എടുക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. പ്രമേയ അവതരണത്തിനുള്ള നോട്ടീസ് ലഭിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങളും ബഹളം ഉണ്ടാക്കി.
ഒടുവിൽ ഭരണസമിതി വീണു
കോൺഗ്രസിന്‍റെ നാലും ബിജെപിയുടെ അഞ്ചും നിലവിലെ പ്രസിഡന്‍റായ സ്വതന്ത്രയും ആവിശ്വാസ പ്രമേയാവതരണത്തിൽ നിന്നും വിട്ടനിന്നു. ഇതോടെ കൂറുമാറിയ ബിജെപി അംഗത്തെ കൂടെ കൂട്ടി 11 വോട്ടുകളോടെ അവിശ്വാസം പാസായി. ഭരണസമിതി വീണെങ്കിലും കൂറുമാറിയ അംഗം അയോഗ്യൻ ആകും. പണം വാങ്ങിയാണ് ശ്രീധരൻ കൂറുമാറിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.
Also Read: സ്ത്രീധന പീഡനം; കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു