മന്ത്രി സി ചിഞ്ചുറാണി മാധ്യമങ്ങളോട് സംസാരിക്കുന്നു കൊല്ലം : ആര്യങ്കാവില്‍ നിന്ന് ക്ഷീര വികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഇതോടെ വെട്ടിലായി ക്ഷീര വികസന വകുപ്പ്. പാലില്‍ കൊഴുപ്പിന്‍റെ കുറവ് മാത്രമാണുള്ളതെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം പറയുന്നു.
ഇതോടെ ഭക്ഷ്യ വകുപ്പിനെതിരെ മന്ത്രി സി.ചിഞ്ചുറാണി രംഗത്തെത്തി. ഏറെ വൈകി പരിശോധന നടത്തിയാല്‍ മായം കണ്ടെത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പാലിലടക്കം മായം കണ്ടെത്തിയാൽ ക്ഷീര വികസന വകുപ്പിന് നടപടിയെടുക്കാൻ അധികാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. സംഭവത്തില്‍ ഡയറി ഫാം ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ജനുവരി 11ന് തമിഴ്‌നാട്ടില്‍ നിന്ന് പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ക്ഷീര വികസന വകുപ്പ് പരിശോധിച്ചത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തിക്കുന്ന പാലില്‍ മായം കലര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയത്. ക്ഷീര വികസന വകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധന നടത്തിയെങ്കിലും മായം കണ്ടെത്താനായില്ല. 15,300 ലിറ്റർ പാലുമായി വന്ന ടാങ്കർ ലോറി കഴിഞ്ഞ അഞ്ച് ദിവസമായി തെന്മല പൊലീസ് സ്റ്റേഷനിലാണുള്ളത്.