കൊല്ലം : മയ്യനാട് സി.കേശവൻ മെമ്മോറിയൽ ഗവൺമെന്‍റ് ആശുപത്രിക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി എൻ.കെ.പ്രേമചന്ദ്രൻ എം പി. ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഫേസ് മാസ്കുകൾ, എന്നിവ അടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളാണ് നൽകിയത്.
നേരിട്ടെത്തി കൊവിഡ് പ്രതിരോധ ചികിത്സാക്രമീകരണങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രതിരോധ ഉപകരണങ്ങൾ സൂപ്രണ്ട് ഡോ. സലില ദേവിക്ക് കൈമാറി. നേരത്തെ എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഐ.സി.യു സൗകര്യമുള്ള ആംബുലൻസിനായി അദ്ദേഹം അനുവദിച്ചിരുന്നു. അതിന്‍റെ തുടർ നടപടികൾ പുരോഗമിക്കുന്നതായും കൊവിഡ് വ്യാപനത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.