കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് മീൻ എടുക്കന്നതുമായി ബന്ധപ്പെട്ട് ലേലക്കാരനും മത്സ്യ വ്യാപാരിയും തമ്മിൽ തർക്കം. ലേലക്കാരൻ ചെങ്ങണൂർ സ്വദേശിയായ വ്യാപാരിയെ മർദിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ചു രണ്ട് മണിക്കൂറോളം മത്സ്യം എടുക്കുന്നത് കച്ചവടക്കാർ നിർത്തിവച്ചു.
മത്സ്യലേലത്തെ ചൊല്ലി നീണ്ടകര ഹാർബറില്‍ തര്‍ക്കം
പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
തൂക്കി നൽകിയ മത്സ്യത്തിന് പഴക്കം ഉണ്ടെന്നും വില കുറയ്ക്കണമെന്നും ലേലക്കാരനോട് വ്യാപാരി ആവശ്യപ്പെട്ടു. ഇത് നിരാകരിച്ച ലേലക്കാരൻ വ്യാപാരിയായ ഷാജിയുമായി വാക്ക് തർക്കം ഉണ്ടാവുകയും മർദിക്കുകയുമായിരന്നു. ഇതോടെ ഹാർബറിൽ സംഘർഷാവസ്ഥ ഉണ്ടാവുകയും മത്സ്യം വാങ്ങുന്നതിൽ നിന്നും കച്ചവടക്കാർ പിൻമാറുകയും ചെയ്തു. ഇതോടെ യാനങ്ങളിൽ നിന്നുള്ള മത്സ്യ നീക്കം നിലച്ചു.
പിന്നാലെ പൊലീസെത്തി ചർച്ച നടത്തിയപ്പോൾ മത്സ്യം തൂക്കി വിൽപന നടത്തുന്നത് പിൻവലിച്ച് ലേലം ചെയ്യണമെന്ന നിലപാടിൽ കച്ചവടക്കാർ ഉറച്ച് നിന്നു. സർക്കാർ എടുത്ത തീരുമാനമാണെന്ന് പൊലീസ് പറഞ്ഞു. ഒമ്പതരയോടെ മത്സ്യം എടുക്കാൻ ശ്രമിച്ചവരെ ചിലർ തടയാൻ ശ്രമിച്ചു. മത്സ്യം എടുക്കുന്നവരെ തടയാൻ പടില്ലെന്ന കർശന നിലപാട് പൊലീസ് സ്വീകരിച്ചതോടെ എല്ലാവരും മത്സ്യം എടുത്ത് തുടങ്ങി. ഇതോടെ പൊലീസും പിൻവാങ്ങി.