കൊല്ലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഇളമ്പള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാനത്തെ മറ്റു 10 ആശുപത്രികളും ഈ നേട്ടം കൈവരിച്ചെങ്കിലും 95.26 പോയിന്‍റോടെ സംസ്ഥാനത്ത് ഒന്നാമത് എത്തിയത് ഇളമ്പള്ളൂരാണ്. ദേശിയ ആരോഗ്യമിഷൻ്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻ്റേര്‍ഡ്‌സ് (എന്‍.ക്യൂ.എ.എസ്) പുരസ്കാരമാണ് ഇളമ്പള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം സ്വന്തമാക്കിയത്.
മികച്ച സേവനം നല്‍കി ഒന്നാമത് എത്തി
ശുശ്രൂഷയുടെ മികവ്, സേവന സന്നദ്ധത, രോഗിയുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, പകര്‍ച്ച വ്യാധി തടയല്‍, ഗുണനിലവാരം ഉറപ്പുവരുത്തല്‍ തുടങ്ങിയ എട്ട് വിഭാഗങ്ങളിലായി 6500 പോയിൻ്റുകള്‍ പരിഗണിച്ചു. ഇവയിലാണ് ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മികച്ച നിലവാരം പുലര്‍ത്തിയത്. 95.26 മാര്‍ക്കാണ് ഈ ആശുപത്രിക്ക് ലഭിച്ചത്.
സാഹയകമായത് ആര്‍ദ്രം പദ്ധതി
ദിവസവും 300 മുതൽ 400 വരെ രോഗികളെത്തുന്ന ആശുപത്രിയെ ആര്‍ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. ഇതിലെ നേട്ടങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയാക്കാൻ ഇളമ്പള്ളൂരിലെ സഹായിച്ചത്. ജില്ലയിലെ ആദ്യത്തെ ഇ-ഹല്‍ത്ത് പരിശോധനാ സംവിധാനം, കണ്ണ് പരിശോധന, പൂര്‍ണ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലാബ്, എല്ലാ മരുന്നുകളുമുള്ള ശീതീകരിച്ച ഫാര്‍മസി, പദ്ധതികള്‍ തയാറാക്കി സമയ ബന്ധിതമായി പ്രാവര്‍ത്തികമാക്കുന്ന പൊതുജനാരോഗ്യ സംവിധാനം, മികച്ച മാതൃ-ശിശു സംരക്ഷണ വിഭാഗം എന്നിവ അവാര്‍ഡ് ലഭിക്കുന്നതിന് നിര്‍ണായക ഘടകങ്ങളായി.
2019ലും നേട്ടം കൈവരിച്ചു
ജില്ലയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കായകല്‍പ അവാര്‍ഡ് 2019-ല്‍ ഇളമ്പള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം നേടിയിരുന്നു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആമിനാ ഷെറീഫ്, മുന്‍ പ്രസിഡൻ്റ് ജലജാ ഗോപന്‍, മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് സദക്കത്തുള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ബി. ഗോപകുമാര്‍ എന്നിവരുടെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും രണ്ട് വര്‍ഷം നീണ്ട കഠിനാധ്വാനമാണ് അവാര്‍ഡിനുപിന്നിലുള്ളത്.
Also Read: വിഴിഞ്ഞം ബോട്ടപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി