കൊല്ലം: സ്വാതന്ത്ര്യ ദിനത്തിൽ കാറിൽ ദേശീയ പതാക ഉപയോഗിച്ചതിന് ഫിലിം ആർട് ഡയറകർക്കും സുഹൃത്തിനും നാലംഗ സംഘത്തിന്‍റെ ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ട് പേരെ ഇരവിപുരം പൊലീസ് കസ്‌റ്റഡിയിലെടുത്തു. കൊല്ലം ഈസ്‌റ്റ് ജവഹർ നഗർ അമൃതകുളം ചേരിയിൽ അർക്കൻ (42), സുഹൃത്ത് ബാബു എന്നിവർക്കാണ് മർദനമേറ്റത്. ദേഹമാസകലം മർദനമേൽക്കുകയും മൂക്കിന്‍റെ പാലം പൊട്ടുകയും ചെയ്‌ത അർക്കൻ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വാതന്ത്ര്യ ദിനത്തിൽ കാറിൽ ദേശീയ പതാക ഉപയോഗിച്ചതിന് ഫിലിം ആർട് ഡയറകർക്കും സുഹൃത്തിനും മർദനം പഴയ ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ഓഗസ്‌റ്റ് 15ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് മർദിച്ചത്. അർക്കന്‍റെ പരാതിയിൽ നാലുപേർക്കെതിരെ ഇരവിപുരം പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. അതേസമയം, പൊലീസ് കേസെടുക്കാൻ വൈകിയെന്നും ആരോപണമുണ്ട്.
പൊലീസ് പട്രോളിംഗ് സംഘത്തിന്‍റെ മുന്നിൽ വച്ചും പ്രതികൾ അർക്കനെയും സുഹൃത്തിനെയും മർദിച്ചിരുന്നതായാണ് പരാതി. അടുത്ത ദിവസം തന്നെ പൊലീസ് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സഹപ്രവർത്തകനെ താമസസ്ഥലത്ത് വിട്ട് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
രണ്ട് ബൈക്കിലെത്തിയ സംഘം അർക്കന്‍റെ കാറിന് കുറുകെ ബൈക്ക് നിർത്തിയ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം പിടിച്ചിറക്കി മർദിച്ചെന്നും അർക്കൻ പറഞ്ഞു. സുഹൃത്ത് ബാബുവിനെയും കാറിൽ നിന്ന് പിടിച്ചിറക്കി മർദിച്ച ശേഷം നിലത്തിട്ട് ചവിട്ടിയെന്നുമാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ മറ്റ് പ്രതികളെ കൂടി പിടികൂടുമെന്നും ഇരവിപുരം സി.ഐ ആർ.അജിത്ത് അറിയിച്ചു.