കൊല്ലം: കൊട്ടിയം ജംങ്ഷന് സമീപം സ്ഥിതിചെയ്യുന്ന നജീമിന്‍റെ വീട് ഒരു പരീക്ഷണ ശാല കൂടിയാണ്. ഉപയോഗ ശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പാഴ്‌വസ്‌തുക്കളുടെയും ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയും അത്ഭുതപ്പെടുത്തുന്ന ശേഖരമാണ് നജീം കെ. സുൽത്താൻ എന്ന സയൻസ് അധ്യാപകന്‍റെ വീട്ടിലുള്ളത്.
പാഴ്‌വസ്‌തുക്കൾ കൊണ്ട് സുല്‍ത്താന്‍റെ കൊട്ടാരം.. നജീം നിങ്ങളൊരു പ്രതിഭാസമാണ് - പാഴ്‌വസ്‌തു ശേഖരം നജീം
നജീമിന്‍റെ വീട്ടിലെ ഏറ്റവും വലിയ കൗതുകം രണ്ടാം നിലയിലെ പാഴ്വസ്‌തു ശേഖരമാണ്. കുട്ടിക്കാലത്ത് സ്‌കൂൾ ശാസ്ത്രമേളകളിൽ പങ്കെടുത്തായിരുന്നു നജീമിന്‍റെ കരകൗശല നിർമിതികളുടെ തുടക്കം.
വീടിന്‍റെ പ്രവേശന കവാടത്തിൽ തുടങ്ങുന്നു കൗതുകങ്ങൾ.. പഴയ സൈക്കിളിൽ വളർന്നു നിൽക്കുന്ന ഇല ചെടികൾ. പരിമിതമായ മുറ്റത്ത് വിശാലമായ പൂന്തോട്ടം.. അവിടെ പൂച്ചെട്ടികൾക്ക് പകരം പഴയ ഹെൽമറ്റും പ്ലാസ്റ്റിക് കുപ്പികളും. അണക്കെട്ട് മാതൃകയിൽ വെള്ളച്ചാട്ടം. താഴെ ഗപ്പി കൂട്ടം.. പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത കൊറോണ വൈറസിന്‍റെ രൂപവും, രോഗ വ്യാപന ജാഗ്രത ഓർമിപ്പിച്ച് മുന്നിൽ തന്നെയുണ്ട്. വീട്ടിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപേ ആദ്യം നോട്ടമെത്തുക കോളിങ് ബെല്ലിലേയ്ക്കാണ്. ആനമുളയിലാണ് സ്വിച്ച് ബോർഡുകളുടെ നിർമാണം. അകത്തേയ്ക്ക് കടന്നാൽ ജനലിലൂടെ കൃത്രിമ മഴ പെയ്യുന്നത് കാണാം. അതിന് കീഴായി നിറയെ മീനുകളും.. പാഴ്‌വസ്‌തു എന്നൊന്ന് ഇല്ലെന്നാണ് നജീമിന്‍റെ കാഴ്‌ചപ്പാട്. അവിശിഷ്‌ടമായ വെളുത്തുള്ളിയുടെ തൊലി കൊണ്ട് പോലും മനോഹരമായ പൂക്കൾ നിർമിച്ചാണ് നജീം ഇതു പറയുന്നത്. വയറിങ് ജോലി കഴിഞ്ഞ് ബാക്കി വന്ന പി.വി.സി പൈപ്പ് കൊണ്ട് നിർമിച്ച വാദ്യോപകരണങ്ങളാണ് നജീമിന്‍റെ മറ്റൊരിനം.
കുട്ടിക്കാലത്ത് സ്‌കൂൾ ശാസ്ത്രമേളകളിൽ പങ്കെടുത്തായിരുന്നു നജീമിന്‍റെ കരകൗശല വിദ്യകളുടെ തുടക്കം. ഇന്ന് സ്‌കൂളുകളിൽ അധ്യാപക പഠന സഹായി നിർമ്മിക്കുന്നതിൽ തുടങ്ങി സ്‌മാർട് ക്ലാസ് മുറികളുടെ രൂപകൽപനയിൽ വരെ നജീം നിറ സാന്നിധ്യമാണ്. നിലവിൽ പേറ്റന്‍റിനായുള്ള പരിശ്രമത്തിലാണ് നജീം. ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിക്കാൻ ഉപകരണം നിർമിച്ചാണ് കാത്തിരിപ്പ്. വലിച്ചെറിയുന്ന വസ്‌തുക്കളിൽ നിന്നും ഭീമമായ വിലയ്ക്ക് വാങ്ങുന്ന അലങ്കാര വസ്‌തുക്കളെ നിർമിക്കാമെന്നാണ് നജീം കെ. സുൽത്താൻ തെളിയിക്കുന്നത്.