തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ - എൻ കെ പ്രേമചന്ദ്രൻ
പെരുമാറ്റ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും നയപരമായ വിഷയമായതിനാൽ ശബരിമല ചർച്ച ചെയ്യാതിരിക്കാൻ ആകില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍
കൊല്ലം: തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ശാസിക്കുകയോ താക്കീത് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ. തന്‍റെ ഭാഗത്ത് നിന്ന് പെരുമാറ്റ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും നയപരമായ വിഷയമായതിനാൽ ശബരിമല ചർച്ച ചെയ്യാതിരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വിശദീകരണം പൂർണമായും ജില്ലാ കളക്ടർ അംഗീകരിക്കുകയാണുണ്ടായത്. ശബരിമല വിഷയത്തിൽ എല്ലാ പാർട്ടികളുടെയും നിലപാട് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. രാഹുൽഗാന്ധി കശുവണ്ടി മേഖലയ്ക്ക് 300 കോടിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത് പ്രചാരണത്തിന് ഊർജ്ജം പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി ഇപ്പോള്‍ മണ്ഡല പര്യടനത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്‍.